ആ മുടിയിഴ ആരുടേത് ?; ഡിഎന്‍എ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് ; കണ്ണൂരിലെ യുവാവിന്റെ മരണം കൊലപാതകം

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് കാരണം കഴുത്തിലേറ്റ ചതവാണെന്ന് തെളിഞ്ഞു
ആ മുടിയിഴ ആരുടേത് ?; ഡിഎന്‍എ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് ; കണ്ണൂരിലെ യുവാവിന്റെ മരണം കൊലപാതകം

കണ്ണൂര്‍: കണ്ണൂര്‍ജില്ലയിലെ മുണ്ടേരി കാനച്ചേരി മാവിലച്ചാലില്‍ നിര്‍മാണത്തൊഴിലാളിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഫോറന്‍സിക് വിദഗ്ധരും പൊലീസും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ജൂണ്‍ 22നാണ് നിര്‍മാണ തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ സിനോജിന്റെ (43) മൃതദേഹം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വയലില്‍ കണ്ടെത്തിയത്.

വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ കാര്യമായ പരിക്കോ പരിസരത്ത് പിടിവലിയുടെ ലക്ഷണമോ ഒന്നും കാണപ്പെട്ടിരുന്നുമില്ല. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സര്‍ജന്‍ ഡോ ഗോപകൃഷ്ണന്റെ സംശയമാണ് വഴിത്തിരിവായത്. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് കാരണം കഴുത്തിലേറ്റ ചതവാണെന്ന് തെളിഞ്ഞു. അതോടൊപ്പം മരിച്ചുകിടന്ന സിനോജിന്റെ കൈയിലുണ്ടായ മുടിയും പൊലീസ് സംഘം ഫൊറന്‍സിക് വിഭാഗത്തിന്റെ വിശദപരിശോധനയ്ക്ക് വിട്ടു. ഇതോടെ ആ മുടി സിനോജിന്റേതല്ലെന്ന് തെളിഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മരിച്ച സിനോജിന്റെ കയ്യിലെ നഖത്തില്‍ പറ്റിപ്പിടിച്ച നിലയിലായിരുന്നു തലമുടി കണ്ടെത്തിയത്. സംശയം തോന്നിയ 60 ഓളം പേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ചിലരുടെ തലമുടി ഡിഎന്‍എ ടെസ്റ്റിന് അയക്കുകയും ചെയ്തു. ഡിഎന്‍എ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. പ്രതി പൊലീസിന്റെ വലയിലായതായും സൂചനയുണ്ട്. പെട്ടന്നുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചതെന്നാണ് വിവരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com