കൂട്ടം കൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി, പൊലീസിനു നിര്‍ദേശം; തൃശൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കൂട്ടം കൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി, പൊലീസിനു നിര്‍ദേശം; തൃശൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
കൂട്ടം കൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി, പൊലീസിനു നിര്‍ദേശം; തൃശൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

തൃശൂര്‍: കോവിഡ് രോഗവ്യാപനം അതിവേഗമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍. അകലം പാലിക്കാതെയുള്ള ഒത്തുചേരലുകളും യാത്രകളും കച്ചവടങ്ങളും നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ റൂറല്‍, ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് രോഗ വ്യാപന പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ അയ്യന്തോള്‍ ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കണ്ടയിന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കൃത്യമായി പരിശോധിക്കും. ശക്തന്‍ മാര്‍ക്കറ്റിലെയും മത്സ്യമാര്‍ക്കറ്റിലെയും സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. തെരുവിലലയുന്നവരെ ബില്‍ഡിങ് അസോസിയേഷന്റെ സഹായത്തോടെ വിവിധ സെന്ററുകളില്‍ പാര്‍പ്പിക്കുകയും അവരുടെ തൊഴിലിനുളള സാധ്യതകള്‍ തേടുകയും ചെയ്യും.

പുറമേ നിന്ന് കൊണ്ടുവന്നുള്ള മത്സ്യ കച്ചവടം ഒരാഴ്ച താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. തീരമേഖലയിലുള്ള അതിഥിതൊഴിലാളികളുടെ പട്ടിക തയ്യാറാക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. തീരപ്രദേശങ്ങളില്‍ പുറമേ നിന്നുള്ള യാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മാര്‍ക്കറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി കച്ചവടക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങള്‍ അനുവദിക്കും. മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാസ്‌ക്കും ഗ്ലൗസും നിര്‍ബന്ധമാക്കി. അനധികൃത വില്‍പനക്കാരുടെ ലൈസന്‍സ് റദ്ദാക്കും. ഞായറാഴ്ചകളില്‍ കടകള്‍ പൂര്‍ണമായി അടച്ചിടും. നിയമലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ പൊലീസിന്റെ മിന്നല്‍ പരിശോധന ടീമിനെ ചുമതലപ്പെടുത്തി.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ പാനല്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പിപിഇ കിറ്റ് ലഭ്യത ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com