സംസ്ഥാനം ഭരിക്കുന്നത് 'ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും', മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം: ചെന്നിത്തല

സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സംസ്ഥാനം ഭരിക്കുന്നത് 'ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും', മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം: ചെന്നിത്തല

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇതുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സ്ഥിതി ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത്, കൊള്ള എന്നിവയുടെ ഉറവിടമായി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറി. ഇടത് മുന്നണി ഭരിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ അടിമുടി അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ്. ആലിബാബയും നാല്‍പ്പത്തൊന്ന് കളളന്മാരും എന്ന് പറയുന്നത് പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വകുപ്പുകളിലാണ് അഴിമതി കൂടുതലായി നടക്കുന്നത്. അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ബന്ധുനിയമനം, ബ്രൂവറി  ഡിസ്റ്റിലറി അഴിമതി, മാര്‍ക്ക് ദാനം, ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി, പൊലീസിലെ അഴിമിതികള്‍ ഇവയെല്ലാം യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളാണ്. ഇതില്‍ മാര്‍ക്ക് ദാനം ഒഴിച്ചുള്ളതെല്ലാം മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടതാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ അറിയില്ല, അല്ലെങ്കില്‍ അതിനുള്ള കഴിവില്ല എന്ന് തെളിഞ്ഞതാണ് പോലീസ് ഹെഡക്വാര്‍ട്ടേഴ്‌സിലെ അഴിമതി എന്നും അദ്ദേഹം ആരോപിച്ചു. 

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പദ്ധതിയില്‍ അന്വേഷണ കമ്മീഷനെ വെച്ച സര്‍ക്കാരാണ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ 151 കോടിയുടെ പര്‍ച്ചേസിലെ അഴിമതിയേപ്പറ്റി സിഎജി റിപ്പോര്‍ട്ടിന്റെ പുറത്ത് അന്വേഷണം നടത്താതിരിക്കുന്നത്. ഡിജിപിയെ സംരക്ഷിച്ച് അഴിമതി മൂടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ നടന്ന അഴിമതിയായി വേണം ഇതിനെ വിലയിരുത്താന്‍. സെക്രട്ടേറിയേറ്റില്‍ െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് ബാക്ക് ഓഫീസ് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തെങ്കില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഗാലക്‌സിയോണ്‍ എന്ന കമ്പനി ഫ്രണ്ട് ഓഫീസ് തുടങ്ങി. വ്യാപകമായ കൊള്ളയും അഴിമതിയുമാണ് മുഖ്യമന്ത്രി വഹിച്ച വകുപ്പുകളില്‍ പറയുന്നത്.

ഐടി വകുപ്പിലാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടന്നത്. ഇവയേപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 

സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്. യുഡിഎഫ് കാലത്തേക്കാള്‍ ഇരട്ടിയും വഴിവിട്ട നിലയിലുമുള്ള കണ്‍സള്‍ട്ടന്‍സിയാണ് ഈ സര്‍ക്കാരിന്റെ കാലത്തുള്ളത്. ഈ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ കണ്‍സള്‍ട്ടന്‍സികള്‍ നടത്തി അതിന്റെ മറവില്‍ നിയമനങ്ങള്‍ നടത്തുകയും അഴിമതി നടത്തുകയും ചെയ്തത്. 

ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂയിസ് ബര്‍ഗര്‍ എന്ന കമ്പനിയെയാണ് ശബരിമല വിമാനത്താവളത്തിന്റെ കള്‍സള്‍ട്ടന്‍സി കരാര്‍ ഏല്‍പ്പിച്ചത്. 4.6 കോടിക്ക് കരാര്‍ ഉറപ്പിച്ച കണ്‍സള്‍ട്ടന്‍സിക്ക് സ്ഥലം പോലും കാണാന്‍ കഴിഞ്ഞില്ല. വിമാനത്താവളത്തിനുള്ള സ്ഥലം പോലും കണ്ടെത്തും മുന്‍പ് എന്തിനാണ് കണ്‍സള്‍ട്ടന്‍സി എന്നും രമേശ് ചെന്നിത്തല ചോദിച്ചു. അഴിമതിക്ക് വേള്‍ഡ് ബാങ്ക് നടപടി നേരിട്ട കമ്പനിയാണ്. കെടുകാര്യസ്ഥതക്കും അഴിമതിക്കും വിവിധ നടപടികളും അന്വേഷണവും നേരിട്ട കമ്പനിയെ  ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് ദുരൂഹതയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com