കൊച്ചിയില്‍ കനത്ത മഴ: 55 പേരെ മാറ്റി താമസിപ്പിച്ചു

കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി - വ്യാപകമായ നാശനഷ്ടം 
കൊച്ചിയില്‍ കനത്ത മഴ: 55 പേരെ മാറ്റി താമസിപ്പിച്ചു

കൊച്ചി: കൊച്ചിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എളംകുളം, എറണാകുളം വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് ആളുകളെ മാറ്റി താമസിപ്പിച്ചു. എളംകുളം മദര്‍ തെരേസ കമ്യൂണിറ്റി ഹാളിലും കടവന്ത്ര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് ക്യാമ്പുകള്‍ തുറന്നത്. കമ്യൂണിറ്റി ഹാളില്‍ 10 കുടുംബങ്ങളാണുള്ളത്. 22 പുരുഷന്മാരും 13 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പടെ 45 ആളുകളാണ് ഇവിടെയുള്ളത്. കടവന്ത്ര സ്‌കൂളില്‍ മൂന്ന് കുടുംബങ്ങള്‍ ആണുള്ളത്. രണ്ട് പുരുഷന്മാരും ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെ 10 പേര്‍ ഇവിടെയുണ്ട്. പി ആന്റ് ടി, ഉദയാ കോളനികള്‍, പെരുമാനൂര്‍ കോളനി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.  വില്ലേജ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് നടപടികള്‍ സ്വീകരിച്ചത്.

കളമശ്ശേരിയില്‍ വട്ടേക്കുന്നം പി.എച്ച്.സി  റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് പോലീസിന്റെയും ഫയര്‍ഫോഴ്‌സി റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. താഴേക്കു വീണ വാഹനങ്ങള്‍ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ന്ന വൈദ്യുതി പോസ്റ്റുകളും നീക്കം ചെയ്തു.

മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സനില്‍കുമാര്‍, ബി.കെ.ശ്രീമതി, നിധീന ബി.മേനോന്‍ എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കെട്ടിടം. വാടകക്കാരായിരുന്നു താമസക്കാര്‍. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പുറകുവശമാണ് ഇടിഞ്ഞത്. കെട്ടിടത്തിന്റെ പോര്‍ച്ച് വരെയുള്ള ഭാഗം വിള്ളല്‍ വീണ നിലയിലാണ്. സമീപത്തുള്ള കെട്ടിടത്തിനും അപകട ഭീഷണി ഉള്ളതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച് താമസക്കാരെ ഒഴിപ്പിച്ചു. 

പറവൂര്‍ താലൂക്കിലെ കടുങ്ങല്ലൂര്‍ വില്ലേജില്‍ മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.  കണിയാം കുന്നിലെ ചരിവ്പറമ്പ് വീട്ടില്‍ തങ്കമ്മ, പുതുവല്‍ പറമ്പ് വീട്ടില്‍ നൗഷര്‍ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. 137.1 മീറ്റര്‍ ആണ് ഇന്നലത്തെ ജലനിരപ്പ് . ഡാമിന്റെ പൂര്‍ണ സംഭരണ ജലനിരപ്പ് 169 മീറ്ററും പരമാവധി ജലനിരപ്പ് 171 മീറ്ററും ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com