എല്ലാ ഓൺലൈൻ ക്ലാസുകളും ലൈവായി നടത്തണം; ആശയ വിനിമയത്തിന് അവസരം ഉണ്ടാകണം; കേരളം രാജ്യത്തിന് മികച്ച മാതൃക; മുഖ്യമന്ത്രി

എല്ലാ ഓൺലൈൻ ക്ലാസുകളും ലൈവായി നടത്തണം; ആശയ വിനിമയത്തിന് അവസരം ഉണ്ടാകണം; കേരളം രാജ്യത്തിന് മികച്ച മാതൃക; മുഖ്യമന്ത്രി
എല്ലാ ഓൺലൈൻ ക്ലാസുകളും ലൈവായി നടത്തണം; ആശയ വിനിമയത്തിന് അവസരം ഉണ്ടാകണം; കേരളം രാജ്യത്തിന് മികച്ച മാതൃക; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഡിജിറ്റൽ വിദ്യാഭ്യാസ രീതി ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റങ്ങളെ സംബന്ധിച്ച് എംഎച്ച്ആർഡി പുറത്തിറക്കിയ റിപ്പോർട്ടിൽ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച മാതൃകയായി അവതരിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ ക്ലാസ് റൂം, ഐസിടി ലാമ്പ്, ഓൺലൈൻ പ്രവേശനം, കമ്പ്യൂട്ടർ അധിഷ്ഠിത പഠനം, സമൂഹ പങ്കാളിത്തം തുടങ്ങി എംഎച്ച്ആർഡി നിർദേശിച്ച 16 മാനദണ്ഡങ്ങളിൽ 15 എണ്ണവും കേരളം നേടിയിട്ടുണ്ടെന്ന് ഈ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ നടക്കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലകളിലെ ഓൺലൈൻ ക്ലാസുകളുടെ സമയം നിജപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൊതുവിദ്യാലയങ്ങൾക്ക് പുറമേയുള്ള സ്ഥാപനങ്ങളിൽ അഞ്ച് മണിക്കൂർ വരെ നീളുന്ന ക്ലാസുകളാണ് ഓൺലൈനായി നടക്കുന്നത്. ചില കുട്ടികൾക്ക് രണ്ട് മൂന്ന് മണിക്കൂർ വരെ ടൂഷ്യനുമുണ്ട്. എല്ലാംകൂടി വരുമ്പോൾ ഏഴ് മണിക്കൂർ വരെ ഓൺലൈൻ ക്ലാസിലിരിക്കേണ്ട അവസ്ഥ കൂട്ടികൾക്കുണ്ട്. ഇതുമൂലം കുട്ടികൾക്ക് മാനസിക സമ്മർദ്ദം, ഉത്‌കണ്ഠ, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, വികൃതി, ദേഷ്യം, സ്വഭാവ പ്രശ്നങ്ങൾ, ആത്മവിശ്വാസക്കുറവ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടായേക്കാം.

അതിനാൽ പൊതുവിദ്യാലങ്ങൾ ചെയ്യുന്നതു പോലെ ഒരു നിശ്ചിത സമയം മാത്രം ക്ലാസ് നൽകുക. അതോടൊപ്പം എല്ലാ ഓൺലൈൻ ക്ലാസുകളും ലൈവായി നടത്തണം. കുട്ടികൾക്ക് പരസ്പരം ആശയവിനിമയത്തിന് അവസരമുണ്ടാകണം. ഒരോ സെക്ഷനുകൾ തമ്മിലും അരമണിക്കൂർ ഇടവേള ആവശ്യമാണ്. കുട്ടികൾക്ക് വിശ്രമ സമയം വേണം. ക്ലാസുകൾ അഞ്ച് മണിക്കൂർ വരെ നീളരുത്. ഇത് കുട്ടികൾക്ക് ഭാരമായി മാറും. ഓരോ ദിവസവും ഓൺലൈൻ ക്ലാസിന്റെ സമയം നിജപ്പെടുത്തണം. കുട്ടികൾക്ക് നൽകുന്ന ഗൃഹപാഠം, അസൈൻമെന്റ് എന്നിവ കുറയ്ക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

കോവിഡ് നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠന രീതി എങ്ങനെ വേണമെന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനങ്ങളുണ്ടാകണം. ഇതിനായി പ്രത്യേക രീതിയുള്ള പാഠ്യ പദ്ധതി ആവിഷ്കരിക്കണം. പൊതുവിദ്യഭ്യാസ മേഖലയിൽ ഇക്കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. എന്നാൽ ഇതല്ലാത്ത രീതി കേരളത്തിലെ ഒരുവിഭാഗം വിദ്യാർഥികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇത് പരിഹരിക്കാൻ ബന്ധപ്പെട്ട സ്കൂളുകൾ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com