ശ്രേയാംസോ ചെറിയാനോ ?; രാജ്യസഭയിലേക്ക് കണ്ണുംനട്ട് നേതാക്കള്‍ ; സിപിഎം നിലപാട് നിര്‍ണായകം

എംപി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് കേരളത്തില്‍ രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്
ശ്രേയാംസോ ചെറിയാനോ ?; രാജ്യസഭയിലേക്ക് കണ്ണുംനട്ട് നേതാക്കള്‍ ; സിപിഎം നിലപാട് നിര്‍ണായകം

തിരുവനന്തപുരം : കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന് നടത്താന്‍  തീരുമാനിച്ചതോടെ സീറ്റ് നോട്ടമിട്ട് നേതാക്കള്‍ രംഗത്തെത്തി. എംപി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് കേരളത്തില്‍ രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് ആവശ്യപ്പെട്ട് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ജനതാദള്‍ അവകാശവാദം ഉന്നയിക്കും. 

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് എല്‍ജെഡിയുടെ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ശ്രേയാംസ് കുമാര്‍, കെ പി മോഹനന്‍, ഷേക്ക് പി ഹാരിസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ കണ്ടിരുന്നു. 

രാജ്യസഭ സീറ്റ് സംബന്ധിച്ച് സിപിഎം സംസ്ഥാനനേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. യുഡിഎഫിലായിരിക്കെ വീരേന്ദ്രകുമാറിന് ലഭിക്കുകയും അദ്ദേഹം രാജിവെക്കുകയും ചെയ്ത സീറ്റ് എന്ന നിലയിലാണ് അത് വീരേന്ദ്രകുമാറിന് തന്നെ നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് എന്ന പരിഗണനയും വീരേന്ദ്രകുമാറിന് നല്‍കി. 

രാജ്യസഭാ സീറ്റില്‍ പൊതുസമ്മതനെ മല്‍സരിപ്പിക്കണമെന്ന നിര്‍ദേശവും സജീവമായി പരിഗണിക്കുന്നുണ്ട്. പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ ചെറിയാന്‍ ഫിലിപ്പിന് സാധ്യതയുണ്ട്. മുമ്പ് രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചെറിയാന്‍ ഫിലിപ്പിന്റെ പേര് നിര്‍ദേശിച്ചിരുന്നു. 

എന്നാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം അതുവെട്ടി എളമരം കരീമിന്റെ പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 28 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന എല്‍ഡിഎഫ് യോഗം കോവിഡ് വ്യാപനത്തിന്‍രെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഓഗസ്റ്റ് 10 ന് മുമ്പ് ഇടതുമുന്നണി യോഗം ചേര്‍ന്നേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com