പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതി സഫര്‍ ഷായെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടിയുടെ ഉത്തരവ്
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതി സഫര്‍ ഷായെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റപത്രം നല്‍കിയില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി സഫര്‍ഷാ  ജാമ്യം നേടിയത്.

കഴിഞ്ഞ ദിവസമാണ് സഫര്‍ഷായ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസന്വേഷിച്ച എറണാകുളം സെന്‍ട്രല്‍ പൊലീസ് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയിട്ടും ഇക്കാര്യം മറച്ചുവച്ച് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച പ്രതിഭാഗത്തെ പ്രോസിക്യൂഷനും പിന്തുണച്ചതാണ് ജാമ്യം ലഭിക്കാന്‍ കാരണമായത്. ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രണ്ടാമത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. അതിന്റെ വീഡിയോയും കോടതി പരിശോധിച്ചു. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

തുറവൂര്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫര്‍ ഷാ അറസ്റ്റിലയത്. കേസ് അന്വേഷിച്ച എറണാകുളം സെന്‍ട്രല്‍ പൊലീസ് 83ാംദിവസം കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പ്പിക്കുകയും കോടതി സ്വീകരിക്കുകയും ചെയ്തു. 90 ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയതിനാല്‍ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയ സഫര്‍ഷായുടെ അഭിഭാഷകന്‍ ഇക്കാര്യം മറച്ച് വയ്ക്കുകയും 90 ദിവസമായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രതിയുടെ കള്ള വാദം അംഗീകരിക്കുകയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍. ഇതോടെയാണ് സെക്ഷന്‍ 167 പ്രകാരം ഹൈക്കോടതി സഫര്‍ ഷായ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com