കുഞ്ഞു തന്റേതല്ലെന്ന് ഭര്‍ത്താവ്, ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 20 കാരി കോടതില്‍

നാല് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയാണ് ആവശ്യവുമായി കേരള ഹൈക്കോടതിയെ സമീപിച്ചത്
കുഞ്ഞു തന്റേതല്ലെന്ന് ഭര്‍ത്താവ്, ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 20 കാരി കോടതില്‍

കൊച്ചി; ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് 20കാരി കോടതിയില്‍. നാല് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയാണ് ആവശ്യവുമായി കേരള ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവ് സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് കടുത്ത മാനസികപീഡനവും പരിഹാസവുമാണ് നേരിടുന്നത് എന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. പരാതി ഹര്‍ജിയായി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി ഭര്‍ത്താവിനോട് ഇമെയിലിലൂടെയും വാട്‌സ്ആപ്പിലൂടെയും നോട്ടീസ് അയച്ച് മറുപടി തേടാന്‍ നിര്‍ദ്ദേശിച്ചു.

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗിനന്‍സി ആക്ടിന്റെ സെക്ഷന്‍ 5 അനുസരിച്ച്, അമ്മയുടെ മാനസികാരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദമുണ്ട്. ഇത് പ്രകാരം കോടതി ഇടപെടണം എന്നാണ് പരാതിക്കാരിയുടെ അഭിഭാഷകന്റെ വാദം. ഭര്‍ത്താവ് സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് നിലവില്‍, മാതാപിതാക്കളോടൊപ്പമാണ് പരാതിക്കാരി ജീവിക്കുന്നത്. ഒരു തെറ്റും ചെയ്യാതെ മാനസിക പീഡനം നേരിടുകയാണ് യുവതിയെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

പരാതി കേട്ടതിന് ശേഷം കൗണ്‍സിലിംഗിലൂടെ ശരിയാക്കാന്‍ കഴിയുന്ന കാര്യമാണോ ഇതെന്ന് കോടതി അഭിഭാഷകനോട് ആരാഞ്ഞു. കൗണ്‍സിലിംഗിന് ശ്രമിച്ചുവെന്നും ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നുമാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇത് തന്റെ കുട്ടിയല്ലെന്ന നിലപാടില്‍ ഉറച്ച നിലപാടിലാണ് ഭര്‍ത്താവുള്ളത്.

കുഞ്ഞിനെ പ്രസവിക്കണോ വേണ്ടയോ എന്നതും സ്ത്രീയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. വിവാഹിതരായവരുടെ കേസാണിതെന്ന് വാദത്തിനിടെ കോടതി ഓര്‍മ്മിപ്പിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഭര്‍ത്താവിന്റെ മറുപടിക്കനുസരിച്ചായിരിക്കും കോടതിയുടെ അന്തിമ തീരുമാനമുണ്ടാകുക. ജസ്റ്റിസ് അനു ശിവരാമന്‍ ആണ് പെണ്‍കുട്ടിയുടെ പരാതി പരിഗണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com