ഒരു വിമാനത്തിനും 'നോ' പറഞ്ഞിട്ടില്ല, അനുമതി ചോദിച്ച എല്ലാ ഫ്‌ളൈറ്റുകള്‍ക്കും അനുമതി നല്‍കി; വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി 

വിദേശത്ത് നിന്ന് മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ ഒരു വിമാന സര്‍വീസിനോടും സംസ്ഥാന സര്‍ക്കാര്‍ 'നോ' പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ഒരു വിമാനത്തിനും 'നോ' പറഞ്ഞിട്ടില്ല, അനുമതി ചോദിച്ച എല്ലാ ഫ്‌ളൈറ്റുകള്‍ക്കും അനുമതി നല്‍കി; വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി 

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായുളള കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന തളളി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് നിന്ന് മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ ഒരു വിമാന സര്‍വീസിനോടും സംസ്ഥാന സര്‍ക്കാര്‍ 'നോ' പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെയ് ഏഴു മുതലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ നാട്ടില്‍ എത്തി തുടങ്ങിയത്. ജൂണ്‍ രണ്ടുവരെയുളള കണക്ക് അനുസരിച്ച് 140 വിമാനങ്ങളിലായി 24333 പ്രവാസികളാണ് സംസ്ഥാനത്ത് എത്തിയത്. മൂന്നു കപ്പലുകളിലായി 1488 പേരും നാട്ടില്‍ തിരിച്ചെത്തി. കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് ഇവര്‍ വിമാനത്തില്‍ നാട്ടില്‍ എത്തിയത്. വന്ദേഭാരത് ഭൗത്യത്തിന്റെ ഭാഗമായി പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിന് ഒരു നിബന്ധനയും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വിമാനവും ഇതുവരെ വേണ്ടെന്ന് വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ മാസത്തില്‍ പ്രതിദിനം 12 വിമാനസര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. ഇതിന് പൂര്‍ണ സമ്മതം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഇതുപ്രകാരം ജൂണ്‍ മാസത്തില്‍ 360 വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തേണ്ടത്. ഈ മുഴുവന്‍ വിമാനങ്ങള്‍ക്കും സംസ്ഥാനം അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 36 വിമാനങ്ങള്‍ മാത്രമാണ് കേന്ദ്രം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കേരളം അനുമതി നല്‍കിയ 324 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്യാനുണ്ട്. എല്ലാ വിമാനങ്ങളും പൂര്‍ണതോതില്‍ ഓപ്പറേറ്റ് ചെയ്യിക്കാന്‍ കേന്ദ്രസര്‍്ക്കാരിന് കഴിയുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്ന കാര്യവും ഉള്‍ക്കൊളളുന്നു. കൂടുതല്‍ വിമാനങ്ങള്‍ക്കും അനുമതി നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങളിലുളള മുഴുവന്‍ മലയാളികളും നാട്ടില്‍ എത്തണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. വന്ദേഭാരത് ദൗത്യത്തിന് പുറമേയുളള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അനുമതി ചോദിച്ചുവന്ന മുഴുവന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും അനുമതി നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന് പുറമേ സ്വകാര്യ കമ്പനിയായ സ്‌പൈസ് ജെറ്റും, അബുദാബിയിലുളള ഒരു സംഘടനയും മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ഇവര്‍ക്കും അനുമതി നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com