ആഴ്ചയില്‍ 15,000 ടെസ്റ്റുകള്‍;  വ്യാപകമായ കോവിഡ് പരിശോധനയുമായി സംസ്ഥാനം

സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍
ആഴ്ചയില്‍ 15,000 ടെസ്റ്റുകള്‍;  വ്യാപകമായ കോവിഡ് പരിശോധനയുമായി സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്  ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴ്ചയില്‍ 15,000 ടെസ്റ്റുകള്‍ നടത്തും.ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കുകയാണ്. ഐസിഎംആര്‍ വഴി 14000 കിറ്റ് ലഭിച്ചു. 10000 വിവിധ ജില്ലകള്‍ക്ക് നല്‍കി. 40000 കിറ്റുകള്‍ മൂന്ന് ദിവസം കൊണ്ട് കിട്ടും എന്ന് അറിയിപ്പുണ്ട്. സമൂഹ വ്യാപനം ഉണ്ടോ എന്നു നിരീക്ഷിക്കാനാണിത്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമായി 177033 പേരാണ് ഇതുവരെ എത്തിയത്. ഇതില്‍ 30363 പേര്‍ വിദേശത്തുനിന്ന് എത്തിയതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 146670 പേര്‍ വന്നു. ഇതില്‍ 93783 പേര്‍ തീവ്രരോഗവ്യാപന മേഖലകളില്‍നിന്ന് വന്നതാണ്. അതായത് 63 ശതമാനം പേര്‍. റോഡ് വഴി 79 ശതമാനം പേരും റെയില്‍ വഴി 10.8 ശതമാനം ആളുകളും എത്തി.

വിമാനം വഴി 9.49 ശതമാനം. മറ്റ് സംസ്ഥാനങ്ങളില്‍ 37 ശതമാനം പേരും തമിഴ്‌നാട്ടില്‍നിന്നാണ്. കര്‍ണാടക 26.9 ശതമാനം. മഹാരാഷ്ട്ര 14 ശതമാനം. വിദേശത്തുനിന്ന് യുഎഇയില്‍നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. 47.8 ശതമാനം. ഒമാന്‍ 11.6 ശതമാനം. കുവൈത്ത് 7.6 ശതമാനം. വന്നവരില്‍ 680 പേര്‍ക്കാണ് ഇന്നു വരെ രോഗബാധ സ്ഥിരീകരിച്ചത്. 343 പേര്‍ വിദേശത്തുനിന്നും 337 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തി. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരില്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍ക്കാണ് കൂടുതല്‍ രോഗബാധ, 196. ഇന്ന് സംസ്ഥാനത്ത് പുതിയ രോഗികള്‍ ഇതുവരെയുള്ളതില്‍  ഏറ്റവും വര്‍ധിച്ച ദിനമാണ്.

സംസ്ഥാനത്ത് ആപത്തിന്റെ തോത് വര്‍ധിക്കുകയാണെന്ന് തിരിച്ചറിയണം ഇതേഘട്ടത്തിലാണ് ലോക്ഡൗണില്‍ ഇളവ് വരുന്നത്. ആരാധനാലയങ്ങള്‍, റസ്റ്ററന്റ് മാളുകള്‍ തുറക്കുന്ന സമയമാണ്. വെല്ലുവിളിയും ഉത്തരവാദിത്തവും അസധാരണമാം വിധം വര്‍ധിക്കുകയാണ്. ചാര്‍ട്ട് ചെയ്ത അനുസരിച്ച് വിമാനങ്ങള്‍ വന്നാല്‍ ഈ മാസം 1 ലക്ഷത്തില്‍ അധികം പേര്‍ വിദേശത്തുനിന്ന് നാട്ടിലെത്തും. പൊതുഗതാഗതം തുറക്കുമ്പോള്‍ വരുന്നവരുടെ എണ്ണം പിന്നെയും വര്‍ധിക്കും.

എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇളവുകള്‍ ഒരു കാരണവശാലും രോഗം പടരാനുള്ള സാധ്യത ആകരുത്. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത് 10 പേര്‍ക്കാണ്. ഇത് കൂടുതല്‍ കരുതല്‍ വേണ്ടതിന്റെ സൂചനയാണ്. എന്ത് ഇളവുകള്‍ ഉണ്ടായാലും മുന്‍കരുതലും ശ്രദ്ധവും ഉണ്ടാവണം.

രോഗബാധിതരുടെ സംഖ്യ ഇനിയും വര്‍ധിക്കും. അതിനു തക്ക സംവിധാനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഒരുക്കും. ആദ്യഘട്ടത്തില്‍ ഉണ്ടായ ജാഗ്രതയും കരുതലും കുറയുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. അപകടാവസ്ഥ ഗൗരവത്തില്‍തന്നെ മനസ്സിലാക്കണം. ആപത്തിന്റെ തോത് വര്‍ധിക്കുകയാണ് എന്ന് തിരിച്ചറിയണം. ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്ക് പ്രത്യേക പ്രോട്ടോക്കോള്‍ ആരോഗ്യ വകുപ്പ് തയാറാക്കും. വിദേശരാജ്യങ്ങളില്‍ രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരെ അതേപോലെ രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരെ അതിവേഗത്തില്‍ ടെസ്റ്റ് ചെയ്യാന്‍ സംവിധാനം ഒരുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com