കൂടുതല്‍ കരുതല്‍ വേണം; പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11....; 13 ജില്ലകളിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഒറ്റദിവസത്തെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്
കൂടുതല്‍ കരുതല്‍ വേണം; പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11....; 13 ജില്ലകളിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഒറ്റദിവസത്തെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ്.111 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് പാലക്കാട് ജില്ലയിലാണ്– 40 പേര്‍. കണ്ണൂര്‍ ഒഴികെ എല്ലാ ജില്ലകളിലും ഇന്നു കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10 എന്നീ ജില്ലകളാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പാലക്കാട്

ജില്ലയില്‍ ഇന്ന് ഒരു തമിഴ്‌നാട് സ്വദേശിക്ക് ഉള്‍പ്പെടെ 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയില്‍ ഉള്ളത്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേര്‍ക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതില്‍ ആന്ധ്രാപ്രദേശില്‍ നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള ഒരു തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെടുന്നുണ്ട്. രോഗികളുടെഎണ്ണത്തില്‍ വര്‍ധനവ് ഉണ്ടായാലും പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളജിലും ചികിത്സയ്ക്കായുള്ള സൗകര്യങ്ങള്‍ ഉള്ളതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചിട്ടുണ്ട്. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം 13 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു.

മലപ്പുറം

ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്. ഇതില്‍ ഏഴ് പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ സ്വകാര്യ ലാബിലെ ജീവനക്കാരനുമാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്കു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള ആലപ്പുഴ, പത്തനംതിട്ട സ്വദേശികള്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പത്തനംതിട്ട

ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്ന് വന്ന 7 പേര്‍, അബുദാബായില്‍ നിന്ന് വന്ന രണ്ട് പേര്‍, ദുബായില്‍ നിന്ന് വന്ന ഒരാള്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഒരാള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍

ജില്ലയില്‍ ഇന്നു 8 പേര്‍ക്കു കോവി!ഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും തിരികെ വന്നവരാണു രോഗബാധിതര്‍. അബുദാബിയില്‍ നിന്നെത്തിയ വരവൂര്‍ സ്വദേശി (50), കുവൈത്തില്‍ നിന്നെത്തിയ മടക്കത്തറ സ്വദേശി (32), ചാലക്കുടി സ്വദേശി (44), ഇറ്റലിയില്‍ നിന്നെത്തിയ മാള പുത്തന്‍ചിറ സ്വദേശി (39), മുംബൈയില്‍ നിന്നു താന്ന്യം സ്വദേശി (54) എന്നിവര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ച പൂത്തോള്‍ സ്വദേശിയുടെ മകന്‍ (14), ഊരകം സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ (51), കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പ്രവര്‍ത്തിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ (27) എന്നിവര്‍ക്കുമാണു രോഗം കണ്ടെത്തിയത്.

എറണാകുളം

ജില്ലയില്‍ ഇന്ന് 8 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിനു പുറമെ, മറ്റു ജില്ലകളില്‍ കോവിഡ് സ്ഥിരീകരിച്ച 2 പേരും ജില്ലയിലാണു ചികിത്സയിലുള്ളത്. എല്ലാവരും വിദേശത്തു നിന്നെത്തിയവരാണ്. മേയ് 26 ലെ കുവൈത്ത്– കൊച്ചി വിമാനത്തിലെത്തിയ നെടുമ്പാശേരി സ്വദേശിനി (46), തിരുവനന്തപുരം സ്വദേശിനി (31), പത്തനംതിട്ട സ്വദേശിനി (47), ഏലൂര്‍ സ്വദേശിനി (42), ആലുവ സ്വദേശിനി (42), 26 ലെ അബുദാബി  കോഴിക്കോട് വിമാനത്തിലെത്തിയ ഏഴിക്കര സ്വദേശി (38), 27 ലെ അബുദാബി  കൊച്ചി വിമാനത്തിലെത്തിയ മൂവാറ്റുപുഴ സ്വദേശി (53), പെരുമ്പാവൂര്‍ സ്വദേശി (50), മുളന്തുരുത്തി സ്വദേശി (59), 27ലെ ദുബായ് – കൊച്ചി വിമാനത്തിലെത്തിയ നെടുമ്പാശേരി സ്വദേശി (63) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ആലപ്പുഴ

ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നും വന്നതാണ്. മേയ് 25ന് മുംബയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍ എത്തി തുടര്‍ന്ന് ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്, ചമ്പക്കുളം സ്വദേശിയായ യുവാവ്, 58 വയസുള്ള കരുവാറ്റ സ്വദേശി, തൈക്കാട്ടുശേരി സ്വദേശിയായ യുവാവ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .

മേയ് 22ന് ദുബായില്‍ നിന്നു കൊച്ചിയില്‍ എത്തി, തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെറുതന സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ ആള്‍. മേയ് 25ന് രോഗം സ്ഥിരീകരിച്ച 4 പേര്‍ ഇന്ന് രോഗമുക്തരായി. മാവേലിക്കര, ചെന്നിത്തല, നൂറനാട്, മാന്നാര്‍ സ്വദേശികളാണ് രോഗമുക്തരായത്. ഇതോടെ നിലവില്‍ 66 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ 12 പേര്‍ രോഗമുക്തരാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു.

ഇടുക്കി

ഇന്ന് 3 പേര്‍ക്ക് കോവിഡ്. മേയ് 22ന് മഹാരാഷ്ട്രയില്‍ നിന്നു ട്രെയിനില്‍ എത്തിയ ഉപ്പുതറ പശുപ്പാറ സ്വദേശി 25 വയസ്സുള്ള യുവതി. മഹാരാഷ്ട്രയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. മേയ് 22ന് ഡല്‍ഹിയില്‍ നിന്നു ട്രെയിനില്‍ എത്തിയ തൊടുപുഴ കാരിക്കോട് സ്വദേശി 24 വയസ്സുള്ള യുവാവ് (വിദ്യാര്‍ഥി). മേയ് 31ന് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം വന്ന 43 വയസുള്ള ചക്കുപള്ളം സ്വദേശിയാണ് മൂന്നാമത്തെ രോഗി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ട്. മൂന്ന് പേരും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവരാണ്. ഇവരില്‍ കാരിക്കോട് സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടു രോഗികളെയും ഇടുക്കി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവര്‍ 23 ആയി.

കൊല്ലം

ജില്ലയില്‍ രണ്ട് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉമ്മന്നൂര്‍ സ്വദേശിയായ 31 വയസുള്ള യുവതി. മുംബൈയില്‍ സ്റ്റാഫ് നഴ്‌സായ ഇവര്‍ മേയ് 28ന് മുംബൈയില്‍ നിന്നു വിമാന മാര്‍ഗം കൊച്ചിയില്‍ എത്തി. സ്വകാര്യ കാറില്‍ വീട്ടിലെത്തി. ജൂണ്‍ 2ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സാംപിള്‍ ശേഖരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 4ന് പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പുനലൂര്‍ ആരംപുന്ന സ്വദേശിയായ പെണ്‍കുട്ടി(19 വയസ്). താജിക്കിസ്ഥാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. മേയ് 27 ന് അവിടെ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍(എ ഐ 1984, സീറ്റ് നമ്പര്‍ 19ഇ) കണ്ണൂരില്‍ എത്തി. കണ്ണൂരില്‍ നിന്നു കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസില്‍ തിരുവനന്തപുരത്ത് എത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. ജൂണ്‍ ഒന്നിന് സാംപിള്‍ ശേഖരിച്ചു.

കോട്ടയം

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്. മുംബൈയില്‍ നിന്ന് മേയ് 27നു വിമാനത്തില്‍ എത്തിയ അതിരമ്പുഴ സ്വദേശി(24) ക്കാണ് കോവിഡ്. ജില്ലയില്‍ രോഗികളുടെ എണ്ണം 28.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com