രണ്ട് പേർക്ക് കോവിഡ്; കോഴിക്കോട് ഒളവണ്ണ ​ഗ്രാമ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ

രണ്ട് പേർക്ക് കോവിഡ്; കോഴിക്കോട് ഒളവണ്ണ ​ഗ്രാമ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ
രണ്ട് പേർക്ക് കോവിഡ്; കോഴിക്കോട് ഒളവണ്ണ ​ഗ്രാമ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ

കോഴിക്കോട്: ഒളവണ്ണ ഗ്രാമ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. രണ്ട്  പേർക്ക് കോവിഡ് 19 സ്ഥീരികരിക്കുകയും വ്യക്തികളിൽ ഒരാൾക്ക് പഞ്ചായത്തിലെ പല വ്യക്തികളുമായി സമ്പർക്കമുണ്ടായിരുന്നതായി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 

കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർ അടിയന്തര വൈദ്യ സഹായത്തിനും അവശ്യ വസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് പോകുന്നതും മറ്റുള്ളവർ ഒളവണ്ണ ഗ്രാമ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. ആരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ബാധകമല്ല. ഭക്ഷ്യ വസ്തുക്കളും അവശ്യ വസ്തുക്കളും കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളു. പഞ്ചായത്തിനു പുറത്തുനിന്ന് അവശ്യ വസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം വാർഡ്തല ദ്രുതകർമ സേനയുടെ സഹായം തേടാം. 

ജൂൺ നാലിന് പന്തീരങ്കാവ് സ്വദേശികളായ 54 ഉം 23ഉം വയസുള്ള രണ്ട് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. മെയ് 17 ന് ചെന്നൈയിൽ നിന്ന് കാർ മാർഗം വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയവെ ലക്ഷണങ്ങൾ കണ്ടു. തുടർന്ന് മെയ് 29 ശേഖരിച്ച സാംപിൾ പോസിറ്റീവായി. ഇപ്പോൾ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലാണ്. 

പഞ്ചായത്തിൽ താമസിക്കുന്നവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണം ഉറപ്പാക്കാൻ കലക്ടർ നിർദ്ദേശിച്ചു. പഞ്ചായത്തിലെ സ്റ്റേറ്റ്  ഹൈവേ ഒഴികെയുള്ള റോഡുകളിൽ പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യ സഹായം എന്നിവക്കുള്ള വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. പഞ്ചായത്തിന്റെ പരിധിയിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതും വാണിജ്യ- വ്യാപാര സ്ഥാപനങ്ങളിൽ അഞ്ചിലധികം ആളുകൾ ഒരേസമയം എത്തിച്ചേരുന്നതും കർശനമായി നിരോധിച്ചു. 

ഒളവണ്ണ പഞ്ചായത്തിൽ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാപോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിയ്ക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188,269 വകുപ്പുകൾ പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ ഉത്തരവിൽ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com