സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് ഇന്ത്യന്‍ ഫുട്‌ബോളര്‍ ഹംസക്കോയ

ന്യൂമോണിയ ബാധിതനായി ചികില്‍സയിലായിരുന്നു. ഹംസക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് ഇന്ത്യന്‍ ഫുട്‌ബോളര്‍ ഹംസക്കോയ


കോഴിക്കോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ ആണ് മരിച്ചത്. 61 വയസ്സായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ താരമാണ് ഹംസക്കോയ.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ചികില്‍സയിലായിരുന്നു. കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിയുകയായിരുന്നു. ഹംസക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു.

മെയ് 21 ന് മുംബൈയില്‍ നിന്നും എത്തിയതാണ് ഇദ്ദേഹം. ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി അഞ്ചു തവണ ബൂട്ടണിഞ്ഞിട്ടുണ്ട് ഹംസക്കോയ.

നെഹ്‌റു ട്രോഫി മുന്‍ ഇന്ത്യന്‍ ടീം അംഗമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരവുമായിരുന്നു. ടാറ്റ സ്റ്റീല്‍ ന് വേണ്ടി കളിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ റെയില്‍വേയില്‍ മുന്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടറായിരുന്നു.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ഹംസക്കോയ.

ഹംസക്കോയയുടെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com