''മോദിജി പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ മുന്‍പന്തിയില്‍ ഒരിരിപ്പിടം തരാം''; അനുഭവം വെളിപ്പെടുത്തി അഷ്ടമൂര്‍ത്തി

''മോദിജി പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ മുന്‍പന്തിയില്‍ ഒരിരിപ്പിടം തരാം''; അനുഭവം വെളിപ്പെടുത്തി അഷ്ടമൂര്‍ത്തി
''മോദിജി പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ മുന്‍പന്തിയില്‍ ഒരിരിപ്പിടം തരാം''; അനുഭവം വെളിപ്പെടുത്തി അഷ്ടമൂര്‍ത്തി

ബിജെപിയുടെ ഗൃഹസമ്പര്‍ക്ക പരിപാടി സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്‌തെന്ന പ്രചാരണം ചര്‍ച്ചയാവുന്നതിനിടെ തനിക്കു നേരിട്ട സമാനമായ അനുഭവം പങ്കുവച്ച് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി. വീട്ടില്‍ പാര്‍ട്ടി ലഘുലേഖ നല്‍കാന്‍ എത്തിയ ബിജെപി നേതാക്കള്‍ ചിത്രം പകര്‍ത്തി താന്‍ ഉദ്ഘാടനം ചെയ്‌തെന്നു പ്രചരിപ്പിക്കുകയായിരുന്നെന്നാണ് വൈശാഖന്‍ വിശദീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ വന്നപ്പോള്‍ സദസില്‍ മുന്‍പന്തിയില്‍ സീറ്റു തരാം എന്നു പറഞ്ഞ് ഇതേ ആള്‍ തന്നെ വിളിച്ചിരുന്നെന്ന് അഷ്ടമൂര്‍ത്തി കുറിപ്പില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ വൈശാഖന്‍ ബിജെപി പരിപാടി ഉദ്ഘാടനം ചെയ്‌തെന്ന വാര്‍ത്ത കണ്ടപ്പോള്‍ തനിക്ക് അദ്ഭുതമോ ഞെട്ടലോ ഉണ്ടായില്ലെന്ന് അഷ്ടമൂര്‍ത്തി കുറിക്കുന്നു.

അഷ്ടമൂര്‍ത്തിയുടെ കുറിപ്പ് ഇങ്ങനെ:

ബിജെപിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം വൈശാഖന് ലഘുലേഖ കൊടുത്തുകൊണ്ട് ഒരാള്‍ നിര്‍വ്വഹിയ്ക്കുന്ന ചിത്രവും വാര്‍ത്തയും ഞാനും കണ്ടിരുന്നു. അതില്‍ അത്ഭുതമോ ഞെട്ടലോ ഉണ്ടായില്ല. അത് ഉദ്ഘാടനം ചെയ്തത് വൈശാഖനല്ലല്ലോ. എന്നാലും ചതിക്കുഴികള്‍ കരുതിയിരിയ്ക്കണം.
നാലു കൊല്ലം മുമ്പ് നരേന്ദ്രമോദി തൃശ്ശൂര് വന്നപ്പോള്‍ ഈ മനുഷ്യന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. ''മോദിജി പ്രസംഗിയ്ക്കുമ്പോള്‍ സദസ്സില്‍ മുന്‍പന്തിയില്‍ ഒരിരിപ്പിടം തരാം'' എന്നു പറഞ്ഞായിരുന്നു വിളി. എനിയ്ക്ക് താല്‍പര്യമില്ല എന്ന് വെട്ടിത്തുറന്നു പറഞ്ഞത് അയാള്‍ക്ക് അല്‍പം വിഷമമുണ്ടാക്കിയിരിയ്ക്കണം. അന്ന് ചന്ദ്രനില്‍പ്പോക്ക് പോപ്പുലറായിട്ടില്ലാത്തതിനാല്‍ അത് ഓഫര്‍ ചെയ്തില്ല. മാത്രമല്ല ''അല്ല, അസൗകര്യമൊന്നും ഉണ്ടാവാതിരിയ്ക്കാനാണ് പറഞ്ഞത്'' എന്നൊക്കെപ്പറഞ്ഞ് വീണ്ടും ചുറ്റിപ്പറ്റി നിന്നു. ഒടുവില്‍ ''എനിയ്ക്ക് വേറെ പണിയുണ്ട്'' എന്ന് അച്ചടിവടിവില്‍ എന്നേക്കൊണ്ട് പറയിച്ചിട്ടേ അയാള്‍ ഫോണ്‍ വെച്ചുള്ളു.
അതാ പറഞ്ഞത്. കരുതിയിരിയ്ക്കണം.

കഴിഞ്ഞ ദിവസമാണ് വൈശാഖന്‍ ബിജെപി പരിപാടി ഉദ്ഘാടനം ചെയ്തതായ ചിത്രം പ്രചരിച്ചത്. ചില മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കി. വീട്ടില്‍ ലഘുലേഖ നല്‍കാന്‍ എത്തിയ ബിജെപി നേതാക്കള്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നെന്ന് വൈശാഖന്‍ പ്രതികരിച്ചു. രാഷ്ട്രീയ മര്യാദ ഇല്ലാത്തവരാണ് ബിജെപിയും സംഘപരിവാറെന്ന് വീണ്ടും ബോധ്യപ്പെടുത്തുന്നതാണ് പ്രചരണമെന്നും വൈശാഖന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com