​ഗർഭിണികൾക്കായി നിയമ പോരാട്ടം നടത്തിയ ആതിരയുടെ ഭർത്താവ് ഷാർജയിൽ മരിച്ചു

​ഗർഭിണികൾക്കായി നിയമ പോരാട്ടം നടത്തിയ ആതിരയുടെ ഭർത്താവ് ഷാർജയിൽ മരിച്ചു
​ഗർഭിണികൾക്കായി നിയമ പോരാട്ടം നടത്തിയ ആതിരയുടെ ഭർത്താവ് ഷാർജയിൽ മരിച്ചു

ഷാർജ: കോവിഡ് കാലത്തെ പ്രതിസന്ധിയിൽ ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിൽ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ ജിഎസ് ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (29) ഷാർജയിൽ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ നിതിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ.

സ്വകാര്യ കമ്പനിയിൽ എൻജിനീയറായ നിതിൻ സാമൂഹിക സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കേരളാ ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിൻറെ യുഎഇയിലെ കൊ ഓർഡിനേറ്ററായ ഇദ്ദേഹത്തിൻറെ ഫെയസ്ബുക്ക് പ്രഫൈലിലെ പേര് 'നിതിൻ സി ഒ പോസിറ്റീവെ'ന്നാണ്. ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സിച്ചിരുന്നു. വീണ്ടും അസുഖം വന്നിരുന്നുവെന്നും എന്നാൽ ഡോക്ടറെ സമീപിച്ചിരുന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.

ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിര ഏഴ് മാസം ഗർഭിണിയായിരുന്നു. ബന്ധുക്കളുടെ പരിചരണം കിട്ടാൻ വേണ്ടിയാണ് പ്രസവത്തിനായി നാട്ടിലേയ്ക്ക് പോകാൻ ആവശ്യമുന്നയിച്ചതെന്നാണ് അന്ന് നിതിൻ പറഞ്ഞത്. ഇതിനായി ഇൻകാസ് യൂത്ത് വിങ്ങിൻറെ നേതൃത്വത്തിൽ സുപ്രീം കോടതിയെ സമീപിക്കുകയും ഇന്ത്യക്കാരെ കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആതിരയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു. ഗൾഫിൽ നിന്ന് സ്വന്തം മണ്ണിലേയ്ക്ക് പോകാനുള്ള അനുമതി നിഷേധിക്കപ്പെട്ട ഒട്ടേറെ ഗർഭിണികളുടെ പ്രതിനിധിയായി ആതിര മാറി.

റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രൻറെ മകനാണ് നിതിൻ. ദുബായ് റാഷിദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം കോവിഡ് പരിശോധനാ ഫലം വന്ന ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com