ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുത്; ഉത്സവം മാറ്റി വയ്ക്കണം; ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുത്; ഉത്സവം മാറ്റി വയ്ക്കണം; ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്
ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുത്; ഉത്സവം മാറ്റി വയ്ക്കണം; ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്

പത്തനംതിട്ട: ശബരിമലയിൽ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി. ദേവസ്വം കമ്മീഷണർക്കാണ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് കത്ത് നൽകിയത്. ഉത്സവം മാറ്റി വയ്ക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോ​ഗ വ്യാപനത്തിന് ഇടയാക്കുമെന്നും കത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

ഉത്സവ ചടങ്ങുകൾ ആരംഭിച്ച ശേഷം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെക്കെങ്കിലും രോ​ഗ ബാധ സ്ഥിരീകരിച്ചാൽ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമുണ്ടാകും. അങ്ങനെ സംഭവിച്ചാൽ ഉത്സവ ചടങ്ങുകൾ ആചാരപ്രകാരം പൂർത്തിയാക്കാൻ സാധിക്കില്ല. രോ​ഗ വ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഉത്സവം മാറ്റി വയ്ക്കണമെന്നത് അം​ഗീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് ശബരിമല ദർശനത്തിന് ഭക്തർക്ക് അനുമതി നൽകാൻ തീരുമാനിച്ചത്. മാർച്ചിൽ നടക്കേണ്ടിയിരുന്ന ഉത്സവവും അതിനൊപ്പം നടത്താനായിരുന്നു ബോർഡ് തീരുമാനിച്ചത്. കത്ത് ലഭിച്ച സാഹചര്യത്തിൽ ദേവസ്വം ബോർഡ് എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്.

ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചിരുന്നു. മിഥുന മാസ പൂജകൾക്കും ഉത്സവത്തിനുമായുള്ള ബുക്കിങ് ആണ് ആരംഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ തന്ത്രി കത്ത് നൽകിയിരിക്കുന്നത്. ഈ മാസം 14 നാണ് നട തുറക്കുന്നത്. ജൂൺ 19ന് ഉത്സവത്തിന് കൊടിയേറും. 14 മുതൽ 28 വരെയാണ് നട തുറക്കുക. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com