ഇന്ന് 9 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി, തൃശൂര്‍ കോര്‍പ്പറേഷനും ചാവക്കാട് മുന്‍സിപ്പാലിറ്റിയും തീവ്ര ബാധിത പ്രദേശം; കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന്  9 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന്  9 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി, പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പ്പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി.

അതേസമയം 14 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. കാസര്‍കോട് ജില്ലയിലെ പൈവളികെ, പിലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിന്‍ കോര്‍പ്പറേഷന്‍, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാല്‍, പനമരം, മുട്ടില്‍, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോര്‍പറേഷന്‍, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്.

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. 17, കുവൈറ്റ് 12, സൗദി അറേബ്യ 4, ഒമാന്‍ 2, മാലിദ്വീപ് 1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര 16, ഡല്‍ഹി 7, തമിഴ്‌നാട് 3, കര്‍ണാടക 2, ആന്ധ്രാപ്രദേശ 1, ജാര്‍ഖണ്ഡ് 1, ജമ്മുകാശ്മീര്‍ 1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, കോഴിക്കോട്, കണ്ണൂര്‍ (ഒരു കാസര്‍കോട് സ്വദേശി) ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com