'കാണാതായ ദിവസം വനത്തിലെ ചോലമരത്തിന്റെ പൊത്തില്‍ പകല്‍ തങ്ങി, രാത്രിയില്‍ ശുചിമുറിയില്‍ ഒളിച്ചു'; പതിനേഴുകാരിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

ഇടുക്കി അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
'കാണാതായ ദിവസം വനത്തിലെ ചോലമരത്തിന്റെ പൊത്തില്‍ പകല്‍ തങ്ങി, രാത്രിയില്‍ ശുചിമുറിയില്‍ ഒളിച്ചു'; പതിനേഴുകാരിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍. 
പതിനേഴുകാരിക്ക് ആരാണ് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 
ഒപ്പം ആത്മഹത്യക്ക് ശ്രമിച്ച കൂട്ടുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. 

ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. മരിച്ച പെണ്‍കുട്ടിയ്ക്ക് വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കിയിട്ടില്ല. എന്നാല്‍ ഇവരുടെ കൈവശം കുറച്ച് ദിവസങ്ങളായി ഫോണ്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. നിരന്തരം ഫോണ്‍ ഉപയോഗിക്കുന്നതു കണ്ട കൃഷ്ണപ്രിയയുടെ മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 11 മുതല്‍ ഇരുവരെയും കാണാതായി. 

ബന്ധുക്കള്‍ അടിമാലി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിറ്റേന്ന് ഇവരെ വഴിയില്‍ കണ്ടെത്തി പഞ്ചായത്ത് പ്രസിഡന്റ് ദീപാരാജീവിന്റെ വീട്ടില്‍ താമസിപ്പിച്ചു. അടുത്ത ദിവസം കൗണ്‍സലിംഗിന് കൊണ്ടുപോകാന്‍ വീട്ടിലെത്തിച്ചപ്പോള്‍ കൃഷ്ണപ്രിയ സമീപമുള്ള മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇതറിഞ്ഞ കൂട്ടുകാരി വീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

11ന് വീടുവിട്ട് ഇറങ്ങിയ രണ്ടുപേരും സമീപമുള്ള വനത്തിലെ ചോലമരത്തിന്റെ പൊത്തില്‍ പകല്‍ തങ്ങിയെന്നും രാത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ശുചിമുറിയില്‍ ഒളിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് ദീപാരാജീവിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിന് മൊഴി നല്‍കി. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ദുരൂഹത നീക്കാന്‍ അന്വേഷണം നടത്തുമെന്നും സി ഐ അനില്‍ ജോര്‍ജ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com