ടോസിലിസുമാബ് ചികിത്സ; 83കാരിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗമുക്തി

ടോസിലിസുമാബ് ചികിത്സ; 83കാരിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗമുക്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കോവിഡ് രോഗബാധിതയായി അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട തൃശൂര്‍ സ്വദേശിയായ 83കാരി 14 ദിവസം നീണ്ട ചികിത്സയെ തുടര്‍ന്ന്  കോവിഡില്‍ നിന്നും മുക്തി നേടി. തുടര്‍ ചികിത്സയ്ക്കായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഡയബറ്റിക് കീറ്റോ അസിഡോസിസും വൃക്കരോഗവും അടക്കമുള്ള സങ്കീര്‍ണമായ അവസ്ഥയിലായിരുന്ന രോഗിയ്ക്ക് ജീവന്‍രക്ഷാ ഔഷധമായി ടോസിലിസുമാബ് നല്‍കിയതാണ് കോവിഡ് രോഗമുക്തി വേഗത്തിലാക്കിയതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

മെയ് 28ന് മുംബൈയില്‍ നിന്നും ട്രെയിനിലെത്തിയ ഇവരെ അര്‍ധബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാക്കി. നിലവിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കൊപ്പം കോവിഡ് കൂടി സ്ഥിരീകരിച്ചത് ചികിത്സ ഏറെ സങ്കീര്‍ണമാക്കി. തുടര്‍ന്നാണ് ഐഎല്‍ 6 ആന്റഗോണിസ്റ്റ് വിഭാഗത്തില്‍ പെടുന്ന ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് അധികൃതര്‍ തീരുമാനമെടുത്തത്. ടോസിലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സയില്‍ കോവിഡ് ഭേദമായത് സുപ്രധാന നാഴികക്കല്ലാണെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി രണ്ടു തവണ കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവര്‍ വൈറസ് ബാധയില്‍ നിന്നും മോചിതയായതായി സ്ഥിരീകരിച്ചത്.

ഇവര്‍ക്കൊപ്പം മുംബൈയില്‍ നിന്നെത്തിയ മകളും ഭര്‍ത്താവും കോവിഡ് ബാധിതരായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മകളുടെ ഭര്‍ത്താവിന്റെ നില ഗുരുതരമായിരുന്നെങ്കിലും കോവിഡ് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് എച്ച്‌ഐവി മരുന്നുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു. മകള്‍ പൊസീറ്റിവായി തുടരുന്നു. 

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ എച്ച്‌ഐവി മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയെ തുടര്‍ന്ന് രക്ഷ പ്രാപിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടോസിലിസുമാബ് ചികിത്സയിലൂടെ മെഡിക്കല്‍ കോളേജ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയി, വൈസ് പ്രിന്‍സിപ്പലും കോവിഡ് നോഡല്‍ ഓഫീസറുമായ ഡോ. എ. ഫത്താഹുദ്ദീന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ പി. വാഴയില്‍, ആര്‍.എം.ഒ ഡോ. ഗണേശ് മോഹന്‍, ഡോ. ജേക്കബ് ജേക്കബ്, ഡോ.ജോ ജോസഫ്, ഡോ. പ്രൊഫ. റെനി എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com