സമ്പര്‍ക്കത്തിലൂടെ പകര്‍ന്നത് എട്ടുപേര്‍ക്ക്, കോവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം, തില്ലങ്കേരി സ്വദേശിക്കെതിരെ കേസെടുത്തു  

തില്ലങ്കേരി സ്വദേശിയുടെ സമ്പര്‍ക്കത്തിലൂടെ ബന്ധുക്കള്‍ അടക്കം എട്ടുപേര്‍ക്ക് രോഗം പകര്‍ന്നിരുന്നു
സമ്പര്‍ക്കത്തിലൂടെ പകര്‍ന്നത് എട്ടുപേര്‍ക്ക്, കോവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം, തില്ലങ്കേരി സ്വദേശിക്കെതിരെ കേസെടുത്തു  

കണ്ണൂര്‍ : കോവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ തില്ലങ്കേരി കാവുമ്പടി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം മുഴക്കുന്ന് പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ ജീവനക്കാരനായ കോവിഡ് രോഗിക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ 29-ാം തീയ്യതിയായിരുന്നു തില്ലങ്കേരി കാവുമ്പടി സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും തങ്ങള്‍ക്ക് രോഗമില്ലെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ മുന്‍പ് നടത്തിയ പരിശോധന ഫലം പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പ്രചരണം നടത്തുകയായിരുന്നു. തില്ലങ്കേരി പഞ്ചായത്ത് അധികൃതരെ ഉള്‍പ്പെടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹത്തില്‍ ആശയകുഴപ്പം ഉണ്ടാക്കുകയും  രോഗം മറച്ച് വച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുകയായിരുന്നു.

ഇയാളുടെ സമ്പര്‍ക്കത്തിലൂടെ ബന്ധുക്കള്‍ അടക്കം എട്ടുപേര്‍ക്ക് രോഗം പകര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 83 പേരും, ദ്വിതീയ സമ്പര്‍ക്ക പട്ടികയില്‍ 56 പേരും, ഹൈറിസ്‌ക് സമ്പര്‍ക്ക ലിസ്റ്റില്‍ 26 പേരുമാണുള്ളത്. ഇയാളുടെ പിതാവിനും, അനുജനും പിന്നീട് രോഗം സ്ഥിരീകരിച്ചു. കൂടാതെ  പിതാവിന്റെ അമ്മയ്ക്കും, പിതാവിന്റെ കടയില്‍ എത്തിയ ആയിച്ചോത്ത് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ ഇയാളുടെ അനുജനും കൂടി  രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമം തന്നെ ആശങ്കയിലായി.

ഇവരൊക്കെയായി ബന്ധപ്പെട്ട 100 കണക്കിന് ആളുകളാണ് തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് രോഗിയായ എയര്‍ ഇന്ത്യ ജീവനക്കാരന്റെ ശ്രദ്ധക്കുറവിനെ കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി തന്നെ കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചു എന്ന  വാര്‍ത്ത നല്‍കിയ ചില മാധ്യമ സ്ഥാപനങ്ങളിലും ഇയാള്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്. ഈ പരാതികളെല്ലാം കണക്കിലെടുത്താണ് മുഴക്കുന്ന് പോലീസ് കേസെടുത്തത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com