മറ്റാരും ധൈര്യപ്പെട്ടില്ല, ഒറ്റയ്ക്ക് രാത്രി ഉള്‍ക്കാട്ടിലേക്ക്, രാസാങ്കത്തെ 30 മിനിറ്റ് തോളിലേറ്റി കാട്ടിലൂടെ നടന്നു; ആനയുടെ ആക്രമണത്തില്‍ ബോധം പോയി, രക്ഷപ്പെട്ട കഥ

കൊടുങ്കാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ തമിഴ് യുവാവിന് തേവാരംമെട്ട് മന്നാക്കുടി ഊരിലെ ആദിവാസി മൂപ്പന്‍ ബാബു രക്ഷകനായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കട്ടപ്പന: കൊടുങ്കാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ തമിഴ് യുവാവിന് തേവാരംമെട്ട് മന്നാക്കുടി ഊരിലെ ആദിവാസി മൂപ്പന്‍ ബാബു രക്ഷകനായി . ആക്രമണത്തില്‍ പരുക്കേറ്റ് കാടിനുള്ളില്‍ ബോധരഹിതനായി കിടന്ന രാസാങ്കത്തെ 30 മിനിറ്റ് തോളിലേറ്റി കാടിനുള്ളിലൂടെ നടന്നാണ് ബാബു രക്ഷപ്പെടുത്തിയത്.

ചൊവ്വാഴ്ച രാത്രിയില്‍ വനത്തിലൂടെ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച തമിഴ്‌നാട് തേനി വരശനാട് പൊന്നമ്പടുക രാസാങ്കത്തിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 58കാരനായ രാസാങ്കം  ബോധരഹിതനായി കാട്ടിനുള്ളില്‍ കിടന്നു. കൂടെയുണ്ടായിരുന്ന മുനിയാണ്ടി ഓടി രക്ഷപ്പെട്ടു. രാസാങ്കത്തിന് എന്തു സംഭവിച്ചെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. രാത്രിയായതിനാല്‍ വനം വകുപ്പ്, പൊലീസ് സംവിധാനത്തിനും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഉടുമ്പന്‍ചോല പൊലീസ് തമിഴ്‌നാട് വനംവകുപ്പിനെ വിവരം അറിയിച്ചു.

വനാതിര്‍ത്തിയില്‍ സ്ഥിരം ശല്യമുണ്ടാക്കുന്ന ആനയായതിനാല്‍ രാത്രി പരിശോധന ഒഴിവാക്കാന്‍ ഉടുമ്പന്‍ചോല പൊലീസിന് തേവാരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.ഇതിനിടെ ബാബു ഒറ്റയ്ക്ക് ടോര്‍ച്ചുമായി ഉള്‍ക്കാട്ടിലേക്കു പോയി രാസാങ്കത്തെ രക്ഷിക്കുകയായിരുന്നു.പരുക്കേറ്റ രാസാങ്കത്തിന് ഉടുമ്പന്‍ചോല കൂക്കലാറില്‍ സ്ഥലമുണ്ട്. ഇവിടെ ഇയാളുടെ ഭാര്യയും മക്കളും താമസിക്കുന്നുണ്ട്. ഇവര്‍ക്കു മരുന്നും വസ്ത്രങ്ങളുമായി എത്തുന്നതിനിടെയാണു കാട്ടാനയുടെ മുന്നില്‍ പെട്ടത്.

തേവാരം ഫോറസ്റ്റ് റേഞ്ചില്‍ അപകടം വിതയ്ക്കുന്ന കാട്ടാനയാണ് രാസാങ്കത്തെ ആക്രമിച്ചത്. 2 കൊമ്പുകളും നഷ്ടപ്പെട്ട ഒറ്റയാനു കാഴ്ചത്തകരാറുണ്ട്. ഇതു കാരണമാണ് രാസാങ്കത്തിന് ആനയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞത്. ആന കാലില്‍ പിടിച്ചു വലിച്ചെങ്കിലും രാസാങ്കം ഇഴഞ്ഞു മാറി. വീണ്ടും ആന പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ രാസാങ്കം വലിയ മരത്തിന്റെ വേരുകളുടെ ഇടയിലേക്ക് ഇഴഞ്ഞ് കയറുകയായിരുന്നു.

തമിഴ്‌നാട്ടിലെ തേവാരത്തു നിന്നു വൈകിട്ട് നാലിനാണ് മുനിയാണ്ടിയും രാസാങ്കവും പുറപ്പെട്ടത്. ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ രാത്രിയായി. ഇവിടെ വച്ച് കാട്ടാന 2 പേരെയും ഓടിച്ചു. മുനിയാണ്ടി ഓടി രക്ഷപ്പെടുന്നതിനിടെ തിരിഞ്ഞു നോക്കിയപ്പോഴാണ് രാസാങ്കത്തിന്റെ കാലില്‍ കാട്ടാന തുമ്പിക്കൈ കൊണ്ടു പിടികൂടുന്നത് കണ്ടത്. തേവാരംമെട്ടിലെത്തി മുനിയാണ്ടിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com