അപകടത്തിൽ പരുക്കേറ്റ അച്ഛനേയും മകനേയും സഹായിക്കാൻ ബിരിയാണി ചലഞ്ച്; പാചകക്കാരൻ കുഴഞ്ഞുവീണു മരിച്ചു

ആലുവ മുപ്പത്തടം എരമം പടുവത്തിൽ അഷറഫ് (56) ആണ് മരിച്ചത്
അപകടത്തിൽ പരുക്കേറ്റ അച്ഛനേയും മകനേയും സഹായിക്കാൻ ബിരിയാണി ചലഞ്ച്; പാചകക്കാരൻ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി; ചികിത്സാ സഹായത്തിന് ബിരിയാണി ചലഞ്ച് നടത്തുന്നതിനിടെ പാചകക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ആലുവ മുപ്പത്തടം എരമം പടുവത്തിൽ അഷറഫ് (56) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. കുഴഞ്ഞുവീണ ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈക്കപകടത്തിൽ പരുക്കേറ്റ ഏലൂക്കര സ്വദേശി ഷെമീറിനും ഒമ്പത് വയസുകാരൻ മകനും വേണ്ടിയാണ് നാട്ടുകാർ ചികിത്സ സഹായം നടത്തിയത്. ഒരുമാസം മുൻപാണ് ഇവർ അപകടത്തിൽപ്പെടുന്നത്. ഞായറാഴ്ച മൂവായിരും ബിരിയാണിയുണ്ടാക്കി 100 രൂപയ്ക്ക് വിൽപന നടത്തി പണം സമാഹരിക്കാനാണ് തീരുമാനിച്ചിരുന്നത്. സിപിഐ നേതാവ് ടിഎ ഇസ്മയിൽ കൺവീനറായി രൂപവൽക്കരിച്ച ചികിത്സാ സഹായ സമിതിയാണ് ഇതിന് നേതൃത്വം നൽകിയത്. തുടർന്ന് അപകടത്തിൽ പരുക്കേറ്റവരുടെ ബന്ധുവും കാറ്ററിങ് സർവീസ് നടത്തിപ്പുകാരനുമായ അഷ്റഫ് പാചകം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു. പാചകം പൂർത്തിയായി മറ്റുള്ളവർ പായ്ക്ക് ചെയ്യുന്നതിനിടെ അഷ്റഫ് കുഴഞ്ഞു വീഴുകയായിരുന്നു.

ജൂണ്‍ ഒന്നിനാണ് ഷമീര്‍ അപകടത്തില്‍പ്പെടുന്നത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് രണ്ട് സര്‍ജറി നടത്തി. ചികിത്സ ചിലവ് ഒന്‍പതു ലക്ഷത്തോളമായതോടെയാണ് സഹായവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. ബിരിയാണി ചലഞ്ചിലൂടെ 2.5 ലക്ഷം രൂപ നാട്ടുകാര്‍ സമാഹരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com