സാമൂഹ്യ വ്യാപന ആശങ്ക ഉയരുന്നു; കേരളത്തില്‍നിന്നു തമിഴ്‌നാട്ടില്‍ എത്തിയ 16 പേര്‍ക്കു കൂടി കോവിഡ്

മെയ് 19 വരെയുള്ള 30 ദിവസത്തില്‍ 47 പേര്‍ക്ക് ഇത്തരത്തില്‍ വൈറസ് ബാധ കണ്ടെത്തി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കൊച്ചി: കേരളത്തില്‍ കോവിഡ് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടെന്ന ആശങ്ക ഉയര്‍ത്തി, സംസ്ഥാനത്തു നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ കൂടുതല്‍ പേരില്‍ വൈറസ് ബാധ കണ്ടെത്തി. ഞായറാഴ്ച മാത്രം കേരളത്തില്‍നിന്നു തമിഴ്‌നാട്ടില്‍ എത്തിയ പതിനാറു പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തില്‍നിന്നു തമിഴ്‌നാട്ടില്‍ എത്തിയവരില്‍ രോഗ ബാധ സ്ഥിരീകരിച്ചതായി നേരത്തെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 19 വരെയുള്ള 30 ദിവസത്തില്‍ 47 പേര്‍ക്ക് ഇത്തരത്തില്‍ വൈറസ് ബാധ കണ്ടെത്തിയതായി ആയിരുന്നു റിപ്പോര്‍ട്ട്. സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നി്ട്ടുണ്ടെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.

ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം കേരളത്തില്‍നിന്നെത്തിയ 16 പേരില്‍ വൈറസ് ബാധ കണ്ടെത്തിയതായാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. റോഡ് മാര്‍ഗവും ട്രെയിനിലും തമിഴ്‌നാട്ടില്‍ എത്തിയതാണ് ഇവര്‍. കര്‍ണാടകയില്‍നിന്നെത്തിയ 12 പേരിലും മഹാരാഷ്ട്രയില്‍നിന്നുള്ള ഒന്‍പതു പേരിലുമാണ് രോഗം സ്ഥിരീകരിച്ചത്.  

സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാനത്തു തന്നെ ഉറവിടം വ്യ്ക്തമാവാത്ത കേസുകള്‍ കൂടുന്നത് വകുപ്പിനെ കുഴയ്ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തിവരികയാണ് വകുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com