കുടുംബശ്രീ വഴി കുട്ടികള്‍ക്ക് ലാപ്‌ടോപ്; കെഎസ്എഫ്ഇയുടെ മൈക്രോചിട്ടി 'റെഡി', വിശദാംശങ്ങള്‍ ഇങ്ങനെ

വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠനകേന്ദ്രം സ്ഥാപിക്കാന്‍ കെഎസ്എഫ്ഇ സഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠനകേന്ദ്രം സ്ഥാപിക്കാന്‍ കെഎസ്എഫ്ഇ സഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ടെലിവിഷന്‍ വാങ്ങിനല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും സഹായം നല്‍കും. കുടുംബശ്രീ അംഗങ്ങള്‍ക്കായി കെഎസ്എഫ്ഇ മൈക്രോചിട്ടി അനുവദിക്കും. ഇതിന്റെ മൂന്നാമത്തെ അടവില്‍ ലാപ്‌ടോപ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ലാപ്‌ടോപാണ് കുടുംബശ്രീ വഴി ലഭ്യമാക്കുക. കുടുംബശ്രീകള്‍ക്ക് വായ്പയായി ഇതുവരെ 1333 കോടി രൂപ നല്‍കിയെന്നും മന്ത്രി പറഞ്ഞു.ഇന്ധനവില കൂടുമ്പോള്‍ സംസ്ഥാനത്തിന് കിട്ടുന്ന അധികവരുമാനം വേണ്ടെന്ന് വയ്ക്കാനാകില്ല. വില വര്‍ധന എണ്ണക്കമ്പനികളെ സഹായിക്കാനാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

കേരളത്തിലെ 45 ലക്ഷത്തോളം വരുന്ന കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങളെയാണ് ഈ പദ്ധതിയില്‍ അംഗങ്ങളാക്കാന്‍ ഉദ്ദേശിക്കുന്നത്.
കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ആയ മക്കള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിന് ലാപ്‌ടോപ് വാങ്ങുന്നതിനു വേണ്ടിയുള്ള പണം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട ഉദ്ദേശിക്കുന്നത്.വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു നല്‍കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചു തയ്യാറാക്കിയ ലാപ്‌ടോപ്പുകള്‍, സംസ്ഥാന ഐടി വകുപ്പ് എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും അവര്‍ക്ക് ലഭ്യമാക്കുന്നതാണ്.

പദ്ധതിയുടെ സവിശേഷതകള്‍:

1)പ്രതിമാസം 500 രൂപ വെച്ച് 30 മാസം കൊണ്ട് തീരുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

2)30 മാസം കൊണ്ട് അടക്കേണ്ട ആകെ തുകയായ 15000 രൂപയില്‍ നിന്നും 5% കുറച്ച് 14250 രൂപയ്ക്കാണ് ലാപ്‌ടോപ്് ലഭ്യമാക്കുന്നത്.  പദ്ധതി ആരംഭിച്ച് 3 മാസങ്ങള്‍ക്കുള്ളില്‍ ആവശ്യമുള്ള അംഗങ്ങള്‍ക്ക് ലാപ്‌ടോപ് ലഭിക്കും.

3)കൃത്യമായി പണം തിരിച്ചടക്കുന്ന അംഗങ്ങളുടെ മൂന്ന് തവണ സംഖ്യകള്‍ കെഎസ്എഫ്ഇ അവര്‍ക്കു വേണ്ടി അടക്കുന്നതാണ്. അതായത് കൃത്യമായി തിരിച്ചടവു നടത്തുന്ന അംഗങ്ങള്‍ക്ക് ഇത്തരത്തില്‍ 1500 രൂപ ഇളവു ലഭിക്കുന്നു.

4)ഇങ്ങനെ നോക്കുമ്പോള്‍ ഈ പദ്ധതി പ്രകാരം 14250 രൂപ തുടക്കത്തില്‍ തന്നെ കൈപ്പറ്റിയ അംഗത്തിന് കൃത്യമായി തിരിച്ചടവു നടത്തിയാല്‍ 30 മാസം കൊണ്ട് 13500 രൂപ മാത്രമേ തിരിച്ചടക്കേണ്ടി വരൂ.

5)ഇതിനു പുറമേ ജനപ്രതിനിധികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ലാപ്‌ടോപ്പ് വാങ്ങുന്ന കുടുംബശ്രീ അംഗങ്ങളെ  സഹായിക്കാന്‍ വേണ്ടി സബ്‌സിഡി തുക ഈ പദ്ധതിയിലേക്ക് കൈമാറാവുന്നതാണ്. ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് ഈ തുകയുടെ ആനുകൂല്യം ലഭ്യമാക്കുന്നതാണ്.

6)ലാപ്‌ടോപ്പ് ആവശ്യമില്ലാത്ത അംഗങ്ങള്‍ക്ക് 13-ാമത്തെ തവണ മുതല്‍ പണത്തിന് അപേക്ഷിക്കാവുന്നതാണ്. 13-ാമത്തെ തവണ വാങ്ങുന്നവര്‍ക്ക് 15408 രൂപയും, 25-ാമത് തവണ വാങ്ങുന്നവര്‍ക്ക് 16777 രൂപയും, ചിട്ടി അവസാനിച്ചശേഷം വാങ്ങുന്നവര്‍ക്ക് 16922 രൂപയുമാണ് ലഭിക്കുക.

7)പ്രതിമാസ തിരിച്ചടവു തുകയായ 500 രൂപ ദിവസ, ആഴ്ച, മാസത്തവണകളായി അടക്കാവുന്നതാണ്. ഇത്തരം പിരിവിന് അതാത് കുടുംബശ്രീ അയല്‍ക്കൂട്ടത്തെ തന്നെയാണ് നിയോഗിക്കുക. ആയത് നിര്‍വ്വഹിക്കുന്നതിന് 2% നിരക്കില്‍ കമ്മീഷന്‍ അതാത് അയല്‍ക്കൂട്ടങ്ങള്‍ക്ക് കെഎസ്എഫ്ഇ നല്‍കുന്നതാണ്.

8)ഈ പദ്ധതിയില്‍ നിന്ന് ലാപ്‌ടോപ്പിനാവശ്യമായ മറ്റു പ്രത്യേക ജാമ്യം നല്‍കേണ്ടതില്ല. പണം കൈപ്പറ്റുന്ന അംഗവും അതാത് അയല്‍ക്കൂട്ടവും ആണ് തിരിച്ചടവ് മുടങ്ങാതെ യിരിക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം വഹിക്കുക.

9)തിരിച്ചടവ് മുടങ്ങാതിരിക്കുന്നതിന്റെ മേല്‍നോട്ടം അയല്‍ക്കൂട്ടത്തിന്റെ മേല്‍ ഘടകങ്ങളായ ഏഡിഎസ് /  സിഡിഎസ് വഹിക്കുന്നതാണ്.

10)എന്നിട്ടും തിരിച്ചടവ് മുടങ്ങുകയാണെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ കെഎസ്എഫ്ഇയ്ക്ക് ബാധകമായ ആര്‍ ആര്‍ നടപടികളിലേയ്ക്ക് അടക്കം നീങ്ങുകയുള്ളൂ

11)ആദ്യപടിയായി 105000 അംഗങ്ങളെ ഉള്‍പ്പെടുത്തി 3500 ചിട്ടികളാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്.

12)അതാത് സ്ഥലങ്ങളിലെ കെഎസ്എഫ്ഇ ശാഖയേയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളേയും കൂട്ടിയിണക്കിയാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുക.

13)കുടുംബശ്രീ മിഷനും കെഎസ്എഫ്ഇയും ഇതിന്റെ നടത്തിപ്പിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്.

14)ഒന്നിടവിട്ട മാസങ്ങളില്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കെഎസ്എഫ്ഇ കുടുംബശ്രീ സംയുക്ത റിവ്യൂ കമ്മറ്റി കൂടുന്നതാണ്. സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഈ റിവ്യൂ കമ്മറ്റിയില്‍ സ്ഥിരാംഗമായി ഒരു പ്രതിനിധി ഉണ്ടായിരിക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com