വിവാഹാലോചനയുമായി വന്ന് അടുപ്പമുണ്ടാക്കി, 'വരന്‍' പണം ചോദിച്ചു; ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്തതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വരനായി വന്നയാള്‍ പണം ചോദിച്ചതോടെയാണ് സംശയം തോന്നിയതെന്ന് നടി ഷംന കാസിം മാധ്യമങ്ങളോട് പറഞ്ഞു
വിവാഹാലോചനയുമായി വന്ന് അടുപ്പമുണ്ടാക്കി, 'വരന്‍' പണം ചോദിച്ചു; ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്തതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹാലോചന എന്ന പേരില്‍ വീട്ടില്‍ എത്തിയവരാണ് ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വരനായി വന്നയാള്‍ പണം ചോദിച്ചതോടെയാണ് സംശയം തോന്നിയതെന്ന് നടി ഷംന കാസിം മാധ്യമങ്ങളോട് പറഞ്ഞു. മറ്റാരും ഇനി തട്ടിപ്പിന് ഇരയാകരുത് എന്ന് കരുതിയാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും നടി പറയുന്നു.

ഇന്നലെയാണ് നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ പിടിയിലായത്. തൃശൂര്‍ സ്വദേശികളായ നാലുപേരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റൂര്‍ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. കേസില്‍ മൂന്നുപേര്‍ കൂടിയുണ്ടെന്നും ഇവരെ പിടികൂടാനുളള ശ്രമം തുടരുന്നതായും പൊലീസ് പറയുന്നു. ഷംനയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഏതാനും ദിവസങ്ങളായി ഭീഷണിപ്പെടുത്തി പണം തട്ടാനുളള ശ്രമം സംഘം നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹാലോചന എന്ന പേരില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ നടിയുടെ വീട്ടില്‍ എത്തിയത്. കാസര്‍കോട് സ്വദേശിക്കാണ് ഇവര്‍ വിവാഹം ആലോചിച്ചത്. കാസര്‍കോട് സ്വദേശിയുടെ വീട്ടുകാര്‍ അടുത്തദിവസം ഷംനയുടെ വീട്ടില്‍ വരുമെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം ഇവര്‍ മടങ്ങിയത്. അതിനിടെ പ്രതികള്‍ വീടും പരിസരവും ചിത്രീകരിച്ചു. ഇതില്‍ സംശയം തോന്നി വിവാഹാലോചനയുമായി വരുന്ന യുവാവിനെ വിളിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കരിയര്‍ നശിപ്പിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച് അപമാനിക്കുമെന്നും പറഞ്ഞ് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംഘം ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് മരട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടിയത്. വിവാഹാലോചനയുമായി വന്നവര്‍ ഒരാഴ്ച കൊണ്ട് കുടുംബവുമായി അടുത്തതായി ഷംന കാസിം പറഞ്ഞു. കോവിഡ് കാലമായതിനാല്‍ നേരിട്ട് പോയി വിവരങ്ങള്‍ അന്വേഷിക്കാനായില്ല.വരനായി വന്നയാള്‍ പണം ചോദിച്ചതോടെയാണ് സംശയം തോന്നിയത്. പരാതിപ്പെട്ടതും കാര്യങ്ങള്‍ വെളിപ്പെടുത്തിയതും മറ്റാരും തട്ടിപ്പിന് ഇരയാകാതിരിക്കാനാണെന്നും നടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com