സംസ്ഥാനത്ത് ഇതുവരെ നടത്തിയത് 1.92 ലക്ഷം പരിശോധന, ടെസ്റ്റിന്റെ തോത് കൂട്ടുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇതുവരെ നടത്തിയത് 1.92 ലക്ഷം പരിശോധന, ടെസ്റ്റിന്റെ തോത് കൂട്ടുമെന്ന് മുഖ്യമന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് കണ്ടെത്താന്‍ 1.92 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റൂട്ടീന്‍ സാമ്പിള്‍, ഓഖ്‌മെന്റഡ്, സെന്റിനല്‍, പൂള്‍ഡ് സെന്റിനല്‍, സി ബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിലായി നടത്തിയ പരിശോധനയുടെ കണക്കാണിത്. പരിശോധനാ തോത് വര്‍ധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. രോഗലക്ഷണമില്ലാത്തവരെ അടക്കം പരിശോധിച്ച് വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം.

കൂടുതല്‍ വിമാനങ്ങള്‍ എത്തുമ്പോള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് കൂടുതല്‍ ആളുകളെ നിയോഗിക്കും. സീനിയറായ ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളങ്ങളില്‍ ഈ ക്രമീകരണത്തിന്റെ ഏകോപന ചുമതല നല്‍കും.
തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം കൂടുതലായതുകൊണ്ട് നിരത്തുകളില്‍ വലിയ തിരക്കുണ്ട്.

മാര്‍ക്കറ്റുകളിലും മാളുകളിലും സാധാരണപോലെ ആള്‍ക്കൂട്ടുമുണ്ടാകുന്നു. നഗരത്തില്‍ ശക്തമായ നിയന്ത്രണ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസുകളിലെ പൊതുജന സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ഇത് വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെ ബാധകമാണ്. രോഗം ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ വേണ്ടത് സ്വന്തം ഭാഗത്തുനിന്നു തന്നെയാണ്. ഓരോരുത്തരും അവരവരുടെ സംരക്ഷകരാകണം. പ്രതിരോധമാണ് പ്രധാനം. ബ്രേക്ക് ദി ചെയിന്‍ എന്നതിന് നിയന്ത്രണത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല, രോഗവ്യാപനത്തിന്റെ ചങ്ങലക്കണ്ണികളാണ് പൊട്ടിക്കുകയെന്നതാണ്.

ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കും. അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിനിക്കല്‍ പോസ്റ്റിങ് കൊടുക്കും.
ലോക്ക്ഡൗണില്‍ ഇളവുവരുത്തിയപ്പോള്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുറന്നെങ്കിലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പല സ്ഥാപനങ്ങളിലും പാലിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുണ്ട്. പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ഇളവ് തുടരണോ എന്ന് ആലോചിക്കേണ്ടിവരും.

ഇത് എല്ലാ മേഖലകളിലും ബാധകമാണ്. ലോക്ക്ഡൗണില്‍ ഇളവ് നല്‍കുക എന്നതിന് രോഗം നാടുവിട്ടുപോയി എന്നല്ല അര്‍ത്ഥം. ബസുകളിലെയും മറ്റു വാഹനങ്ങളിലെയും ശാരീരിക അകലം പാലിക്കാതെയുള്ള യാത്രയ്‌ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com