ഹൃദയബന്ധം മുറിച്ചുമാറ്റി, വേദനാജനകം: ജോസ് കെ മാണി

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മുന്നണിയുമായുളള ഹൃദയബന്ധം മുറിച്ചുമാറ്റുകയാണ് ചെയ്തതെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം
ഹൃദയബന്ധം മുറിച്ചുമാറ്റി, വേദനാജനകം: ജോസ് കെ മാണി

കോട്ടയം:  ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മുന്നണിയുമായുളള ഹൃദയബന്ധം മുറിച്ചുമാറ്റുകയാണ് ചെയ്തതെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം. യുഡിഎഫ് എടുത്തത് നീതിയില്ലാത്ത തീരുമാനമാണ്. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് തന്നെ മോശക്കാരനാക്കാന്‍ നോക്കുകയാണെന്ന് ജോസ് കെ മാണി ആരോപിച്ചു. ചരല്‍ക്കുന്നില്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയത് സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടാക്കി. അവരുടെ പ്രതികരണങ്ങള്‍ ഇത് വ്യക്തമാക്കുന്നു. മുന്‍പും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ശക്തമായി തിരിച്ചുവന്നിരുന്നു. അതുപോലെ ഇത്തവണയും കരുത്തോടെ പാര്‍ട്ടി തിരിച്ചുവരും. മുന്നണിയില്‍ തങ്ങളുടെ പാര്‍ട്ടി നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇത്തരത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുത്തതെന്നും ജോസ് കെ മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസിനെയല്ല യുഡിഎഫിനെ കെട്ടിപ്പെടുത്ത കെഎം മാണി സാറിനെയാണ് പുറത്താക്കിയതെന്നായിരുന്നു ജോസ് കെ മാണിയുടെ ഇന്നലത്തെ പ്രതികരണം.  38 വര്‍ഷമായി യുഡിഎഫിനെ അതിന്റെ പ്രതിസന്ധി ഘട്ടത്തിലും പരീക്ഷണ ഘട്ടത്തിലും സംരക്ഷിച്ച കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളിപറഞതെന്ന് ജോസ് മാണി പറഞ്ഞു.കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ തീരുമാനത്തിന് ശേഷം ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

'യുഡിഎഫുമായുള്ള ബന്ധം അവസാനിച്ചുവെന്ന് പറയുന്നില്ല. എന്നാല്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ല. ജനപ്രതിനിധികള്‍ രാജിവെക്കില്ല.'- ജോസ് കെ മാണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com