അങ്കണവാടിക്ക് സമീപം 'ചുറ്റിക്കറങ്ങി' അചരിചിതന്‍ ; കമ്പിവടിയുമായെത്തി വീട്ടമ്മ ; വാന്‍ വരുത്തി രക്ഷപ്പെട്ടു, അന്വേഷണം

കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമം ആണോയെന്ന സംശയത്തില്‍ അങ്കണവാടി വര്‍ക്കര്‍ പൊലീസില്‍ പരാതി നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം : അങ്കണവാടിയുടെ പരിസരത്ത് സംശയകരമായ തരത്തില്‍ അപരിചിതന്‍ ചുറ്റിക്കറങ്ങിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടുതവണയാണ് ഇയാളെ അങ്കണവാടിക്ക് സമീപം കണ്ടത്. സമീപവാസിയായ വീട്ടമ്മ ബഹളം വച്ചിട്ടും ഇയാള്‍ പോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ വീട്ടമ്മ കമ്പിവടിയുമായെത്തി. ഇതുകണ്ട അപരിചിതന്‍ ഇയാള്‍ ഫോണ്‍ ചെയ്തു വാന്‍ വരുത്തി കടന്നുകളയുകയായിരുന്നു. 

കല്ലറ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കളമ്പുകാട് 46ാം നമ്പര്‍ അങ്കണവാടിക്കു സമീപമാണ് സംഭവം. കല്ലറ റോഡില്‍ നിന്നു 300 മീറ്റര്‍ ഉള്ളിലായി റബര്‍ തോട്ടത്തിനരികിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ചെറിയ ഇടവഴിയിലൂടെ വേണം ഇവിടേക്ക് എത്താന്‍. ഇവിടെയെത്തിയ അപരിചിതന്‍ പരിസരം വീക്ഷിച്ചു നില്‍ക്കുന്നതു കണ്ടു സമീപവാസിയായ ഉഷ വിവരം തിരക്കി. പക്ഷേ, ഇയാള്‍ പോകാതെ അവിടെ അല്‍പ്പനേരം ചുറ്റിത്തിരിഞ്ഞ ശേഷം വഴിയിലേക്കു പോയി.

11.30ന് അങ്കണവാടി പരിസരത്ത് വീണ്ടും ഇയാളെ കണ്ടതോടെ വീട്ടമ്മ ബഹളം വയ്ക്കുകയും കമ്പിവടിയുമായി അങ്കണവാടിക്കു സമീപത്തേക്ക് എത്തുകയുമായിരുന്നു. ഇതോടെയാണ് ഇയാള്‍ വാന്‍ വിളിച്ചുവരുത്തി രക്ഷപ്പെട്ടത്. ഈ സമയം ആയ മാത്രമേ അങ്കണവാടിയില്‍ ഉണ്ടായിരുന്നുള്ളു. മുണ്ടും ഷര്‍ട്ടും ധരിച്ചിരുന്ന 50 വയസ്സിനു താഴെ പ്രായം തോന്നിക്കുന്ന ആളാണ് എത്തിയതെന്ന് അങ്കണവാടി വര്‍ക്കര്‍ ഷൈനി പറഞ്ഞു. 

കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമം ആണോയെന്ന സംശയത്തില്‍ അങ്കണവാടി വര്‍ക്കര്‍ പൊലീസില്‍ പരാതി നല്‍കി. കടുത്തുരുത്തി എസ്‌ഐ റെനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com