നിപ്പയേയും കൊറോണയേയും തുരത്തിയ നാട്; കേരളത്തിന്റെ മികവ് ചര്‍ച്ച ചെയ്ത് ബിബിസി; വിഡിയോ വൈറല്‍

ആരോഗ്യ മേഖലയില്‍ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് വിഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചത്
നിപ്പയേയും കൊറോണയേയും തുരത്തിയ നാട്; കേരളത്തിന്റെ മികവ് ചര്‍ച്ച ചെയ്ത് ബിബിസി; വിഡിയോ വൈറല്‍

കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര മാധ്യമം ബിബിസി. കോവിഡ് 19 പ്രതിരോധത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ നേട്ടങ്ങളും ചര്‍ച്ചയായത്. പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. നിപയും സിക്കയും അടക്കമുള്ള വൈറസ് ബാധയെ ചെറുത്ത് തോല്‍പ്പിച്ച കേരളം മികച്ച മാതൃകയെന്നാണ് വിലയിരുത്തിയത്. 

കൊറോണ ബാധയെ ചെറുക്കാന്‍ ഇന്ത്യ തയാറെടുത്തോ എന്ന ചോദിച്ചതിനൊപ്പം  അവതാരക കേരളത്തെ പരാമര്‍ശിക്കുകയായിരുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കൊറോണബാധിതരും രോഗത്തെ മറികടന്നെന്നും നിപ്പയേയും സിക്കയേയും പോലുള്ള വൈറസിനേയും കേരളം ഇതുപോലെ ചെറുത്തുതോല്‍പ്പിച്ചിട്ടുണ്ട് എന്നുമാണ് അവതാരക പറഞ്ഞത്. കേരളത്തിന്റെ പ്രാഥമിക ആരോഗ്യ സംവിധാനം മികച്ചതാണെന്നാണ് ഷാഹിദ് പറഞ്ഞത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആരോഗ്യ മേഖലയില്‍ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് വിഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചത്. 

മുഖ്യമന്ത്രിയുടെ കുറിപ്പ്; 'കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു. ബിബിസി യില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചര്‍ച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകള്‍ പരാമര്‍ശിക്കപ്പെട്ടത്. നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ കേരളം മുന്നോട്ടു വച്ച മാതൃകയെ അവതാരക പ്രശംസിക്കുകയുണ്ടായി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമായി നമ്മുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തിന്റെ ഇടപെടല്‍ ശേഷിയും, രോഗങ്ങളെ ഡയഗ്‌നോസ് ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരും.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com