ഭക്ഷണം കൊടുക്കാന്‍ വൈകിയെന്നു പറഞ്ഞ് ഹോട്ടലില്‍ അഴിഞ്ഞാട്ടം; ജീവനക്കാരുടെ മുഖത്ത് മുളകുപൊടി സ്‌പ്രേ ചെയ്ത് കവര്‍ച്ച; അറസ്റ്റ്

സമീപത്തെ ബാറില്‍ കയറി മദ്യപിച്ച ശേഷമാണ് ഇവര്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്
ഭക്ഷണം കൊടുക്കാന്‍ വൈകിയെന്നു പറഞ്ഞ് ഹോട്ടലില്‍ അഴിഞ്ഞാട്ടം; ജീവനക്കാരുടെ മുഖത്ത് മുളകുപൊടി സ്‌പ്രേ ചെയ്ത് കവര്‍ച്ച; അറസ്റ്റ്

കൊച്ചി; രാത്രി ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയ എട്ടംഗ സംഘം ജീവനക്കാരുടെ മുഖത്ത് മുളകുപൊടി സ്‌പ്രേ ചെയ്ത് 24,000 രൂപ കവര്‍ന്നു. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള മലബാര്‍ ഹോട്ടലിലാണ് മദ്യലഹരിയില്‍ ഒരു സംഘം അഴിഞ്ഞാടിയത്. കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണ്. 

ഏറ്റുമാനൂര്‍ കല്ലറ ഉണിച്ചിറ പറമ്പില്‍ ഹേമന്ത്(20), അതിരമ്പുഴ ശ്രീകണ്ഠമംഗലം വിപിന്‍ (29), കട്ടച്ചിറ കിഴക്കേ വരിക്കാലായില്‍ അരുണ്‍കുമാര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 10.30 നാണ് മദ്യലഹരിയില്‍ എട്ടംഗ സംഘം ഹോട്ടലില്‍ എത്തിയത്. സമീപത്തെ ബാറില്‍ കയറി മദ്യപിച്ച ശേഷമാണ് ഇവര്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. നാലു പേര്‍ക്ക് ഭക്ഷണം കൊടുത്ത സമയം താമസം എന്താണെന്ന് ചോദിച്ച് അസഭ്യം പറയാന്‍ തുടങ്ങി. ഇതുകേട്ട് ഭക്ഷണം കഴിക്കാനെത്തിയ കുടുംബം ഇറങ്ങിപ്പോയി. തുടര്‍ന്ന് ജീവനക്കാര്‍ യുവാക്കളുടെ അഴിഞ്ഞാട്ടം ചോദ്യം ചെയ്തു. 

സംഘത്തിലെ ഒരാള്‍ ജീവനക്കാരുടെ മുഖത്തേക്ക് മുളകുപൊടി സ്‌പ്രേ ചെയ്ത് കാഷ് കൗണ്ടറില്‍ നിന്ന് പണം കവര്‍ന്ന് വാനില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഹോട്ടലിലെ ജീവനക്കാരായ ജെയ്‌സണ്‍ പോള്‍, അനില്‍ കുമാര്‍, സിബി, വിനു എന്നിവര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റു. രണ്ടുപേരുടെ കൃഷ്ണമണിക്ക് പോറലേറ്റുട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com