കേരളത്തിലും കൊറോണ രോഗിക്ക് എച്ച്‌ഐവി മരുന്ന് ചികിത്സ; നല്‍കിയത് രണ്ടിനം മരുന്നുകള്‍

കേരളത്തിലും കോവിഡ് 19ന് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്
കേരളത്തിലും കൊറോണ രോഗിക്ക് എച്ച്‌ഐവി മരുന്ന് ചികിത്സ; നല്‍കിയത് രണ്ടിനം മരുന്നുകള്‍

കൊച്ചി: കേരളത്തിലും കോവിഡ് 19ന് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് മരുന്ന് പരീക്ഷിച്ചത്. 

എച്ച്‌ഐവി രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് കോവിഡ് 19 ബാധിതര്‍ക്ക് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കൊറോണ വൈറസ് ബാധിച്ച രോഗിയുടെ രോഗസ്ഥിതി കണക്കാക്കി മരുന്ന് നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

കളമശ്ശേരിയില്‍ ചികിത്സയിലുള്ള രോഗിക്ക് രണ്ടിനം മരുന്നാണ് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് റിറ്റോനോവിര്‍, ലോപിനാവിന്‍ എന്നീ മരുന്നുകള്‍ ഉപയോഗിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചൈനയിലെ വുഹാനിലും രാജസ്ഥാനിലെ ജയ്പൂരിലും ഇത് നേരത്തെ പരീക്ഷിച്ചിരുന്നു. 

പ്രമേഹം അടക്കം വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അറുപത് വയസ്സ് കഴിഞ്ഞ ഹൈ റിസ്‌ക് രോഗികള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായാല്‍ എച്ചഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് മിശ്രിതം നല്‍കാനാണ് കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നത്. ഇതിന് പുറമേ കോശത്തിലേക്ക് ഓക്‌സിജന്‍ എത്തുന്നതിന്റെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന രോഗമായ ഹൈപ്പോക്‌സിയ, രക്തസമ്മര്‍ദ്ദം അസാധാരണമായി കുറയുന്ന അവസ്ഥയായ ഹൈപ്പോടെന്‍ഷന്‍, ശരീരത്തിലെ ഒന്നോ അതിലധികമോ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥ എന്നി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് കൊറോണ വൈറസ് ബാധ ഉണ്ടായാലും ഈ മരുന്ന് മിശ്രിതം കൊടുക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥ നേരിടുന്ന രോഗികളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചാല്‍ ഈ മരുന്ന് മിശ്രിതം നല്‍കാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിലവില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്കായി പ്രത്യേക മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രത്യേക ചികിത്സാരീതിയും നിര്‍ദേശിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com