ക്വാറന്റൈന്‍ നിരീക്ഷണത്തിലിരിക്കെ വിദേശത്തുനിന്നെത്തിയ ദമ്പതികള്‍ ജോലിക്കെത്തി; പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് ആശുപത്രിയിലാക്കി

വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തിലിരിക്കെ ജോലി ചെയ്യാനെത്തിയ ആളെ പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി
ക്വാറന്റൈന്‍ നിരീക്ഷണത്തിലിരിക്കെ വിദേശത്തുനിന്നെത്തിയ ദമ്പതികള്‍ ജോലിക്കെത്തി; പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് ആശുപത്രിയിലാക്കി

മലപ്പുറം: വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തിലിരിക്കെ ജോലി ചെയ്യാനെത്തിയ ആളെ പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. കഴിഞ്ഞ മാര്‍ച്ച് 15ന് ദുബായില്‍ നിന്നും കുടുംബസമേതം തിരിച്ചു വന്ന് ക്വാറന്റൈനിലിരിക്കാന്‍ നിര്‍ദ്ദേശിച്ച  ചെമ്മലശ്ശേരി സ്വദേശികളായ ദമ്പതികളെയാണ് പെരിന്തല്‍മണ്ണ നഗരത്തിലെ ജോലി സ്ഥലത്ത് വെച്ച് ഹെല്‍ത്ത് സ്‌ക്വാഡ് പിടികൂടിയത്. നഗരത്തില്‍ പട്ടാമ്പി റോഡിലെ അമൃതം ക്ലിനിക്കിനടുത്ത് വര്‍ഷങ്ങളായി ടാക്‌സ് പ്രാക്ടീഷണര്‍ ഓഫീസ് നടത്തുകയാണ്.

ദുബായില്‍ മകന്റെയടുത്ത് പോയി മടങ്ങിയെത്തി ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഇദ്ദേഹവും ഭാര്യയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെയാണ്് കഴിഞ്ഞ കുറച്ചു ദിവസമായി പെരിന്തല്‍മണ്ണ ഓഫീസിലെത്തി ജോലി ചെയ്തിരുന്നത്. കൂടെ ഒരു ഓഫീസ് ജീവനക്കാരിയും ഉണ്ടായിരുന്നു. പരിസരവാസികളില്‍ നിന്നും വിവരം ലഭിച്ച നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍, ജെഎച്ച്‌ഐമാരായ ടി.രാജീവന്‍, കെ കൃഷ്ണപ്രസാദ്, ഗോപകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി വിശദീകരണം തേടി.

ആദ്യഘട്ടത്തില്‍ സഹകരിക്കാതിരുന്ന ഇവര്‍ പിന്നീട് പൊലീസും ആംബുലന്‍സും എത്തിയതോടെ മയപ്പെട്ടു. ഈ ഓഫീസുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഏതാണ്ട് 21 ഓളം ആളുകളുടെ പേരുവിവരം ഇദ്ദേഹം ഹെല്‍ത്ത് സ്‌ക്വാഡിനു കൈമാറി. നഗരസഭാ ചെയര്‍മാന്‍ ,ഡി.എം. ഒ എന്നിവരുമായി ഹെല്‍ത്ത് സ്‌ക്വാഡ് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. എസ്.ഐ മഞ്ജിത്ത് ലാല്‍, ജില്ലാ ആശുപത്രിജെഎച്ച് ഐമാരായ തുളസിദാസ് സക്കിര്‍ ഹുസൈന്‍ കെ.പി, എം.ജനാര്‍ദ്ദനന്‍  ടി.ശ്രീനിവാസന്‍ എന്നിവര്‍ സ്‌ക്വാഡിന് നേതൃത്വം നല്‍കി.അവരുടെ വീട് അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയതിന്ന് ശേഷം  നഗരസഭ സീല്‍ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com