'സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ട്'- മുഖ്യമന്ത്രി

'സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ട്'- മുഖ്യമന്ത്രി
'സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ട്'- മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെത്തുര്‍ന്ന് കേരളം നേരിടുന്നത് അത്യസാധാരണമായ പരീക്ഷണത്തെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ എല്ലാ സംവിധാനങ്ങളും സന്നദ്ധതയും സഹജീവി സ്‌നേഹവും ഒരു ചരടില്‍ കോര്‍ത്ത് മുന്നേറേണ്ട ഘട്ടമാണിത്.

ലോകത്തെ പല വികസിത രാജ്യങ്ങളെയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാന്‍ ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. കാസര്‍ക്കോട്ടെ പ്രത്യേക സാഹചര്യത്തില്‍ അവിടെ 11 മണി മുതല്‍ അഞ്ച് മണി വരെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 

ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ അധ്വാനിക്കുകയാണ്. അവര്‍ക്ക് ആശുപത്രിക്കടത്തു തന്നെ താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കും. 

രോഗം പടരാനുള്ള സാഹചര്യത്തില്‍ കറന്‍സികളും നാണയങ്ങളും അണു വിമുക്തമാക്കേണ്ടതുണ്ട്. അതിനായി ധനകാര്യ സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ നടപടികളെടുക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.

നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിക്കും കുടുംബാംഗങ്ങള്‍ക്കമുള്ള ഭക്ഷണം അവരുടെ വീടുകളില്‍ തന്നെ എത്തിക്കും. ഇതിനുവേണ്ട കാര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരത്തെ തന്നെ പരിശോധിക്കുന്നുണ്ട്. ആവശ്യമുള്ള വ്യക്തിക്കാണ് ഈ സൗകര്യം ലഭ്യമാക്കുക. 

എല്ലാ മേഖലകളിലും കര്‍ശനമായ നിയന്ത്രണങ്ങളാണ് കൊണ്ടുവരിക. കൊറോണ വൈറസ് ഭീഷണിയില്‍ നിന്ന് നാടിനെ മുക്തമാക്കാന്‍ ഇത്തരം നടപടികള്‍ ഒഴിച്ചുകൂടാനാകാത്തതാണ്. ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കില്ല. അനിയന്ത്രിതമായ ആള്‍ക്കൂട്ടം എവിടെയുണ്ടായാലും തടയും. 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികള്‍ ഇത്തരം സ്ഥലങ്ങളില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ഐസൊലേഷനിലുള്ളവരെ നീരീക്ഷിക്കുന്നതിന് സാമൂഹിക ജാഗ്രതയ്ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയല്‍ക്കാര്‍ക്ക് കൊടുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പറും ലിസ്റ്റിനൊപ്പമുണ്ടാകും. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കാനാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിരീക്ഷണത്തിലുള്ളവര്‍ ഇറങ്ങി നടക്കുന്ന അവസ്ഥയുണ്ടാകരുത്. അങ്ങനെ സംഭവിച്ചാല്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരും. അറസ്റ്റും നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യും. എന്നാല്‍ രോഗബാധ പടരുന്നതിനെതിരായ മുന്‍കരുതലുകള്‍ ഓരോ ആളുകളും മാധ്യമ പ്രവര്‍ത്തകര്‍ പൊതുവിലും സ്വീകരിക്കണം. നാളെ മാധ്യമ മേധാവികളുമായി ഒരു വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ഇതുമായി ബന്ധപ്പെട്ട ആവശ്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com