'ക്വാറന്റീന്‍ ലംഘനം വലിയ തെറ്റ്' ; നിരീക്ഷണത്തിലിരിക്കുക രക്ഷാദൗത്യമെന്ന് മുഖ്യമന്ത്രി

നിരീക്ഷണം എന്നത് രോഗമുണ്ടെന്ന ഘട്ടമായി കാണാതെ, രോഗമില്ലെന്ന് ഉറപ്പിക്കാനുള്ള ഘട്ടമായി കാണാനുള്ള മനോഭാവം രൂപപ്പെടണം
'ക്വാറന്റീന്‍ ലംഘനം വലിയ തെറ്റ്' ; നിരീക്ഷണത്തിലിരിക്കുക രക്ഷാദൗത്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ക്വാറന്റീന്‍ നിര്‍ദേശം ലംഘിക്കുന്ന നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറന്റീന്‍ ലംഘനം വലിയ തെറ്റാണ്. നിരീക്ഷണത്തില്‍ ഇരിക്കുക എന്നത് രക്ഷാദൗത്യം കൂടിയാണ്. സ്വയം രക്ഷിക്കാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ശ്രമത്തിലാണ് എല്ലാവരും. രോഗം ഇല്ലെന്ന് ഉറപ്പിക്കാനുള്ള മാര്‍ഗമായി നിരീക്ഷണത്തെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരീക്ഷണത്തില്‍ ഇരിക്കുക എന്നത് സുഖകരമായ കാര്യമല്ല. എന്നാല്‍ രോഗവ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ ഇത് സാമൂഹിക ആവശ്യമായിത്തീരുന്നു. നിരീക്ഷണം എന്നത് രോഗമുണ്ടെന്ന ഘട്ടമായി കാണാതെ, രോഗമില്ലെന്ന് ഉറപ്പിക്കാനുള്ള ഘട്ടമായി കാണാനുള്ള മനോഭാവം രൂപപ്പെടണം. 

നിരീക്ഷണത്തിലിരിക്കുക എന്നത് തന്നോടും പ്രിയപ്പെട്ടവരോടും സമൂഹത്തിനോടും ചെയ്യുന്ന മഹത്തായ കാര്യമാണെന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം. നിരീക്ഷണത്തിന് വിധേയനായിരിക്കുന്നതില്‍ ത്യാഗത്തിന്റെ, മനുഷ്യസ്‌നേഹത്തിന്റെ പ്രതിഫലനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന സബ് കളക്ടര്‍ ക്വാറന്റീന്‍ ലംഘിച്ച് ആരുമറിയാതെ നാടുവിട്ടിരുന്നു. കൂടാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന രണ്ടുപേരും ഇന്നലെ ക്വാറന്റീനില്‍ നിന്നും മുങ്ങിയിരുന്നു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്ന ദമ്പതികളും ക്വാറന്റീനില്‍ നിന്നും ചാടിപ്പോയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com