'അവര്‍ ഭക്ഷണം ചോദിച്ച് വിളിച്ചപ്പോള്‍ ഇരുപ്പുറച്ചില്ല'; ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് നൗഷാദ്, 'നന്മമരം'

ബ്രോഡ് വേയില്‍ തെരുവുകച്ചവടം നടത്തുന്ന ഇതര സംസ്ഥാനക്കാര്‍ക്കാണ് നൗഷാദിന്റെ നന്മ ഇത്തവണ തുണയായത്
'അവര്‍ ഭക്ഷണം ചോദിച്ച് വിളിച്ചപ്പോള്‍ ഇരുപ്പുറച്ചില്ല'; ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് നൗഷാദ്, 'നന്മമരം'

കൊച്ചി: പ്രളയകാലത്ത് സഹായമഭ്യര്‍ത്ഥിച്ച് വന്നവര്‍ക്ക് കടയിലെ വസ്ത്രങ്ങളെല്ലാം നല്‍കി മാതൃക കാണിച്ച എറണാകുളം ബ്രോഡ് വേയിലെ വ്യാപാരി നൗഷാദ് ലോക്ക്ഡൗണ്‍ കാലത്തും 'നന്മമരമാകുന്നു'.ബ്രോഡ് വേയില്‍ തെരുവുകച്ചവടം നടത്തുന്ന ഇതര സംസ്ഥാനക്കാര്‍ക്കാണ് നൗഷാദിന്റെ നന്മ ഇത്തവണ തുണയായത്. ഇവരുടെ കുടുംബങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചാണ് നൗഷാദ് സ്ഹജീവി സ്‌നേഹം പ്രകടിപ്പിച്ചത്.

ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ഇവര്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് സാധനങ്ങള്‍ എത്തിച്ചതെന്ന് നൗഷാദ് പറയുന്നു. 'ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് അവര്‍ പറഞ്ഞപ്പോള്‍ വീട്ടില്‍ ഇരുപ്പുറച്ചില്ല. പെങ്ങളുടെ മകളുടെ കയ്യില്‍ നിന്ന് വാങ്ങിയ 5000 രൂപയും എന്റെ കയ്യിലുണ്ടായിരുന്ന കുറച്ച് പണവും ചേര്‍ത്ത് അരിയും മറ്റു സാധനങ്ങളും വാങ്ങി എത്തിക്കുകയായിരുന്നു'-നൗഷാദ് കൂട്ടിച്ചേര്‍ത്തു.

സഹായിക്കാന്‍ പോകുമ്പോഴും സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങളെല്ലാം പാലിച്ചിരുന്നു നൗഷാദ്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ചെന്ന് ആവശ്യമറിയിച്ച് സത്യവാങ്മൂലം വാങ്ങിച്ച ശേഷമാണ് സാധനങ്ങള്‍ വാങ്ങി എത്തിച്ചത്. മാസ്‌കും ഗ്ലൗസും ഉള്‍പ്പെടെയുള്ള സുരക്ഷാകവചങ്ങളും ധരിച്ചിരുന്നു.

കൂടുതല്‍ പേര്‍ക്ക് സഹായം ചെയ്യണമെന്നുണ്ടെന്നും എന്നാല്‍, സാമ്പത്തിക പരിമിതിയാണ് വെല്ലുവിളിയാകുന്നതെന്നും നൗഷാദ് പറയുന്നു.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍സാനിയത് എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റും നൗഷാദ് ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com