മുന്‍ഗണനാ ക്രമത്തില്‍ പരീക്ഷ നടത്തുമെന്ന് പിഎസ്‌സി, ജൂണില്‍ തുടങ്ങിയേക്കും; ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും സാധ്യത

ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് അനുസരിച്ച് പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കും
മുന്‍ഗണനാ ക്രമത്തില്‍ പരീക്ഷ നടത്തുമെന്ന് പിഎസ്‌സി, ജൂണില്‍ തുടങ്ങിയേക്കും; ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും സാധ്യത

തിരുവനന്തപുരം: എഴുതുമെന്ന് അപേക്ഷകരില്‍ നിന്ന് ഉറപ്പുവാങ്ങിയ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള തീരുമാനവുമായി പിഎസ്‌സി. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് അനുസരിച്ച് പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കും. സ്‌കൂളുകള്‍ ലഭ്യമാകുന്നത് അനുസരിച്ച് ജൂണ്‍ മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അപേക്ഷകര്‍ കുറവുള്ള തസ്തികകള്‍ ഓണ്‍ലൈന്‍ പരീക്ഷയായി നടത്താനും പിഎസ് സി യോഗം തീരുമാനിച്ചു.

ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള പരീക്ഷ ആദ്യഘട്ടത്തില്‍ തന്നെ നടത്താന്‍ കഴിയുമോ എന്ന പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വേണ്ടി വന്നാല്‍ എഞ്ചിനീയറിംഗ് കോളേജുകളിലെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി ഓണ്‍ലൈനില്‍ പരീക്ഷ നടത്താന്‍ ശ്രമിക്കും. മെയ് 5നാണ് ഈ പരീക്ഷ നിശ്ചയിച്ചിരുന്നത്. 1100 ത്തോളം അപേക്ഷകരാണുള്ളത്. അതിനാല്‍ പിഎസ്‌സിയുടെ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ മാത്രം ഉപയോഗിച്ച് പരീക്ഷ നടത്താന്‍ കഴിയില്ല. 62 തസ്തികകള്‍ക്കായി നിശ്ചയിച്ച 26 പരീക്ഷകളാണ് പിഎസ്‌സിക്ക് ലോക്ക് ഡൗണ്‍ കാരണം മാറ്റിവക്കേണ്ടി വന്നത്. 

നടത്താനുള്ള പരീക്ഷകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് ജൂലൈയിലെ വിജ്ഞാപനത്തില്‍ ഫീസിളവ് നല്‍കി പരീക്ഷയെഴുതിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒഫ്താല്‍മോളജി അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് ചുരുക്കപ്പട്ടികയും എന്‍സിസി സൈനിക് വെല്‍ഫെയര്‍ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്ക്ലാര്‍ക്കിന് സാധ്യതാപട്ടികയും തയ്യാറാക്കാന്‍ അനുമതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com