ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഒറ്റ അക്കത്തില്‍ എത്തും, യഥാര്‍ത്ഥ യുദ്ധം തുടങ്ങുന്നേയുള്ളൂ: ധനമന്ത്രി

ജീവനക്കാരുടെ ശമ്പളം പിടിച്ചുവെയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ധനമന്ത്രി തോമസ് ഐസക്
ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഒറ്റ അക്കത്തില്‍ എത്തും, യഥാര്‍ത്ഥ യുദ്ധം തുടങ്ങുന്നേയുള്ളൂ: ധനമന്ത്രി

കൊച്ചി: ജീവനക്കാരുടെ ശമ്പളം പിടിച്ചുവെയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ധനമന്ത്രി തോമസ് ഐസക്. കോടതി വിഭവസമാഹരണത്തിന്റെ പ്രസക്തി ചോദ്യം ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഹൈക്കോടതി സ്വീകരിച്ചുവരുന്നത്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അഞ്ചു മാസത്തേക്ക് ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം പിടിച്ചുവയ്ക്കുന്നത് നിയമപരമാക്കാന്‍ മാത്രമാണ് കോടതി ആവശ്യപ്പെട്ടതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെയ്ക്കുന്നതില്‍ സര്‍ക്കാരും എതിരാണ്. കേരളം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് ഇതിന് മുതിര്‍ന്നത്. ദേശീയ തലത്തിലും ജീവനക്കാരുടെ ക്ഷേമത്തിന് അനുകൂലമായ നിലപാടാണ് ഇടതുപാര്‍ട്ടികള്‍ സ്വീകരിച്ചുപോരുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജനം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോള്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.  പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നല്ലനിലയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അതില്‍ വിളളല്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്ന് ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഗവേഷണം നടത്തുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഒറ്റ അക്കത്തില്‍ എത്തും. എന്നാല്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് നാട്ടിലേക്ക് മലയാളികള്‍ തിരിച്ചുവരുന്നതോടെ, യഥാര്‍ത്ഥ യുദ്ധം ആരംഭിക്കാന്‍ പോകുകയാണ്. ഈ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കുന്നതിന് പകരം ഭിന്നിപ്പിനുളള ശ്രമമാണ് ചിലര്‍ നടത്തുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാണ് എന്നൊന്നും പറയുന്നില്ല. എന്നാല്‍ തര്‍ക്കിക്കാനുളള സമയം ഇതല്ലെന്നും തോമസ് ഐസക് പറഞ്ഞു.

ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചത്.ശമ്പള ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ ലക്ഷ്യം സുവ്യക്തമാണ്. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ശമ്പളം പിടിക്കുകയല്ല, മാറ്റിവെക്കുകയാണ് ചെയ്യുന്നത്. നിശ്ചിതസമയത്തിന് ശേഷം തുക തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ സമീപകാലത്ത് നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗവര്‍ണര്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ കോടതി ഇടപെടുന്നില്ല. ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി നിരാകരിച്ചു.

ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഓര്‍ഡിനന്‍സിന് നിയമസാധുതയുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഇത്തരം ഓര്‍ഡിനന്‍സ് ഇറക്കാം. ഏപ്രില്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും ആറുദിവസത്തെ തുക പിടിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടായാല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു.

ശമ്പളം പിടിക്കുനന്ത് ഭരണഘടന അവകാശങ്ങളുടെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ജീവനക്കാരുടെ ശമ്പളം അല്‍പ്പാല്‍പ്പമായി ആറുമാസത്തേക്ക് പിടിച്ച്, പിന്നീട് നല്‍കുന്ന വിധത്തില്‍ മാറ്റി വെക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഈ ഓര്‍ഡിനന്‍സ് നിയമവിരുദ്ധമല്ല. സര്‍ക്കാര്‍ ശമ്പളം നല്‍കാതിരിക്കുന്നില്ല. ശമ്പളം മാറ്റിവെക്കുന്നത് മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്, ഓര്‍ഡിനന്‍സിലൂടെ നിയമസാധിത കൊണ്ടുവന്നതെന്നും എജി കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ തിരക്കിട്ട് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. മാത്രമല്ല, പിടിക്കുന്ന പണം എപ്പോള്‍ തരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും ഈ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ കൊണ്ടുവന്നത് ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com