അബുദാബിയില്‍ നിന്നും ആദ്യ വിമാനം നാളെ 9.25 നെത്തും ; പ്രവാസികളുടെ ക്വാറന്റീന്‍ കാലാവധി 14 ദിവസമാക്കിയേക്കും ; തീരുമാനം ഉന്നതതലയോഗത്തില്‍

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ 14 ദിവസവും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍  നല്‍കിയിരുന്നു
അബുദാബിയില്‍ നിന്നും ആദ്യ വിമാനം നാളെ 9.25 നെത്തും ; പ്രവാസികളുടെ ക്വാറന്റീന്‍ കാലാവധി 14 ദിവസമാക്കിയേക്കും ; തീരുമാനം ഉന്നതതലയോഗത്തില്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍  നാളെ മുതല്‍ തിരിച്ചെത്തും. പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സജ്ജമായെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍ അറിയിച്ചു. ആദ്യ വിമാനം അബുദാബിയില്‍ നിന്ന് രാത്രി 9.25 ന് കൊച്ചിയിലെത്തും. രണ്ടാമത്തെ വിമാനം ദോഹയില്‍ നിന്നും രാത്രി 10. 15 നും എത്തും.

പ്രവാസികളുടെ വരവിനോട് അനുബന്ധിച്ച് വിമാനത്താവള ജീവനക്കാര്‍ക്ക് പൂര്‍ണസുരക്ഷ ഉറപ്പുവരുത്തും. ജീവനക്കാര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. പ്രവാസികള്‍ വന്നശേഷം വിമാനവും വിമാനത്താവളവും അണുവിമുക്തമാക്കുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

അതിനിടെ നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെ സര്‍ക്കാര്‍ ക്വാറന്റീന്‍ കാലാവധി 14 ദിവസമാക്കാന്‍ ആലോചിക്കുന്നു.  ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റീനും ശേഷം ഏഴുദിവസം വീട്ടില്‍ ക്വാറന്റീനും എന്നാണ് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ 14 ദിവസവും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍  നല്‍കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ക്വാറന്റീന്‍ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നത്. പ്രവാസികളുടെ ക്വാറന്റീന്‍ സമയം 14 ദിവസമാക്കുന്നതു സംബന്ധിച്ച് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി യോഗം തീരുമാനമെടുക്കും. മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും  തീരുമാനമെടുക്കാന്‍ ഉന്നതതല സമിതിക്ക് വിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com