വിമാനം തിരിച്ചിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; യുഎഇയില്‍നിന്ന്‌ നാട്ടിലേക്ക് മടങ്ങുന്ന ആര്‍ക്കും കോവിഡ് ഇല്ല

വിമാനം തിരിച്ചിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; യുഎഇയില്‍നിന്ന്‌ നാട്ടിലേക്ക് മടങ്ങുന്ന ആര്‍ക്കും കോവിഡ് ഇല്ല

വിമാനത്തില്‍ കയറുന്നതിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് 200 പേര്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്

അബുദാബി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ ആദ്യത്തെ വിമാനം പറക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും മടങ്ങിവരുന്ന ആര്‍ക്കും തന്നെ കോവിഡ് ഇല്ല. വിമാനത്തില്‍ കയറുന്നതിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് 200 പേര്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രവാസികളെ കൊണ്ടുവരുന്നതിനായി കൊച്ചിയില്‍ നിന്ന് പോയ വിമാനം അബുദാബിയിലെത്തി. അല്‍പസമയത്തിനകം വിമാനം യാത്രതിരിക്കും.

ആദ്യ വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണു പുറപ്പെട്ടത്. രണ്ടാമത്തേത് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുമാണ് പുറപ്പെട്ടത്. നെടുമ്പാശേരിയില്‍നിന്ന് പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനം രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി തിരിച്ചെത്തും. അബുദാബിയില്‍നിന്ന് 177 പേരാണ് ഈ വിമാനത്തില്‍ എത്തുക.

ഉച്ചയ്ക്ക് 1.40നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്നത്. ദുബായിയില്‍ എത്തിയ ശേഷം അവിടെനിന്ന് അഞ്ചരയോടെ തിരിച്ചു പറക്കും. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം കരിപ്പൂരില്‍നിന്നു പുറപ്പെട്ടത്. എങ്കിലും രാത്രി 11 മണിയോടെ വിമാനം കരിപ്പൂരില്‍ തിരിച്ചിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍  73, പാലക്കാട്   13, മലപ്പുറം  23, കാസര്‍കോട്  1, ആലപ്പുഴ 15, കോട്ടയം  13, പത്തനംതിട്ട  8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.

എത്തുന്നവരെ വിമാനത്താവളത്തിലെ പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവരവരുടെ ജില്ലകളിലാകും ക്വാറന്റൈന്‍ ചെയ്യുക. ഇതിനായി പ്രത്യേക വാഹനങ്ങര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്നവരില്‍ ജില്ലയിലെ 25 പേരെയും കാസര്‍കോട് സ്വദേശിയെയും എറണാകുളത്ത് തന്നെ ക്വാറ?ന്റൈന്‍ ചെയ്യും. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെടുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com