'നാട്ടിലെത്തുന്ന പ്രവാസികള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം' ; സംസ്ഥാനത്തിന്റെ അപേക്ഷയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

ക്വാറന്റീന്‍ ദിവസങ്ങള്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍
'നാട്ടിലെത്തുന്ന പ്രവാസികള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം' ; സംസ്ഥാനത്തിന്റെ അപേക്ഷയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി :  നിലവിലെ നടപടിക്രമം അനുസരിച്ച് വിദേശ രാജ്യത്തു നിന്നെത്തിയവര്‍ 14 ദിവസത്തെ കേന്ദ്രീകൃത നിരീക്ഷണത്തില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി. ഗള്‍ഫില്‍ നിന്നും പ്രവാസികളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പ്രവാസികളുടെ ക്വാറന്റീന്‍ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

ക്വാറന്റീനില്‍ ആക്കും മുമ്പ് വിദേശത്തു നിന്നും ഇവിടെ നിന്നും കോവിഡ് പരിശോധനകള്‍ നടത്തുന്നതിനാല്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ 7 ദിവസം മതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ക്വാറന്റീന്‍ ദിവസങ്ങള്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഇതേത്തുടര്‍ന്ന് നീരീക്ഷണ കാലാവധി ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ കേന്ദ്രത്തിന് കിട്ടിയിട്ടുണ്ട്, എന്നാല്‍ അതില്‍ തീരുമാനമെടുത്തില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി പരിഗണിക്കുകയാണ്. സമിതി അന്തിമ തീരുമാനം എടുക്കുന്നതു വരെ 14 ദിവസം എന്നതു തന്നെയായിരിക്കും കേന്ദ്രീകൃത നിരീക്ഷണം. അതില്‍ മാറ്റം വരുത്താനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

വിദേശത്തു നിന്നു വരുന്ന പ്രവാസികള്‍ക്ക് 14 ദിവസത്തെ കേന്ദ്രീകൃത ക്വാറന്റീനു ശേഷം പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ വീട്ടില്‍ പോകാമെന്നും തുടര്‍ന്ന് വീട്ടിലും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിലവിലുള്ള നടപടിക്രമമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും കേന്ദ്രവും സംസ്ഥാനവും തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി നിലപാടെടുത്തു. ക്വാറന്റീന്‍, കേസിന്റെ പരിധിയില്‍ വരുമോ എന്ന് ഹൈക്കോടതി ചോദിച്ചു. കേസ് കൂടുതല്‍ വാദങ്ങള്‍ക്കായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com