സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ റെയില്‍വെ ടിക്കറ്റ് അനുവദിക്കാവൂ; മുഖ്യമന്ത്രി

ഇവിടെ വന്നിറങ്ങുന്ന യാത്രക്കാര്‍ ആരാണെന്ന് മനസ്സിലാക്കിയില്ലെങ്കില്‍, രോഗം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും
സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ റെയില്‍വെ ടിക്കറ്റ് അനുവദിക്കാവൂ; മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ നോക്കാതെ റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് വഴി യാത്രക്കാരെ കൊണ്ടുവന്നാല്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ നോക്കാതെ റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് വഴി യാത്രക്കാരെ കൊണ്ടുവന്നാല്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാര്‍ ആരാണെന്ന് മനസ്സിലാക്കിയില്ലെങ്കില്‍, രോഗം നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. അതിനാല്‍ സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ബുക്കിങ് അനുവദിക്കാവൂ എന്ന് റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തില്‍ കേരളം ഫലപ്രദമായ ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അവര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവര്‍ വരേണ്ട തീയതിയും സമയവും ചെക്ക് പോസ്റ്റും മുന്‍കൂട്ടി നല്‍കുന്നു. യാത്രക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതിനും അവരുടെ യാത്രാപഥം മനസ്സിലാക്കുന്നതിനും ഇതു ഫലപ്രദമാണ്.

ഡല്‍ഹിയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് റെയില്‍വെ ട്രെയിന്‍ ഓടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം. മാത്രമല്ല, കേരളത്തിലേക്കുള്ള ട്രെയിന്‍ മറ്റു പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ടാണ് ഇവിടെയെത്തുന്നത്. ഇത് രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ നിഷ്ഫലമാക്കുന്ന രീതിയാണ്. ഇക്കാര്യം റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ റെയില്‍വെ പ്ലാന്‍ ചെയ്ത ട്രെയിനുകള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുന്നതിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ വേണമെന്നും റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രമന്ത്രിക്ക് അയച്ച കത്തിനെ ചില മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചത് ഖേദകരമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ വേണ്ടെന്ന് കേരളം ആവശ്യപ്പെട്ടെന്നാണ് ഒരു ചാനല്‍ നല്‍കിയ വാര്‍ത്ത. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം പെട്ടുപോയി ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനിടയില്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ദുരിതത്തിലായവരുടെ ആശങ്ക വര്‍ധിപ്പിക്കുമെന്ന് തിരിച്ചറിയണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com