മരിച്ച മുത്തച്ഛൻ സർക്കാരിന്റെ സൗജന്യ കിറ്റ് വാങ്ങി; രണ്ട് തവണ റേഷനും! 

മരിച്ച മുത്തച്ഛൻ സർക്കാരിന്റെ സൗജന്യ കിറ്റ് വാങ്ങി; രണ്ട് തവണ റേഷനും!  
മരിച്ച മുത്തച്ഛൻ സർക്കാരിന്റെ സൗജന്യ കിറ്റ് വാങ്ങി; രണ്ട് തവണ റേഷനും! 

അടിമാലി: മരണമടഞ്ഞ ആളുടെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ കട ഉടമ സര്‍ക്കാരിന്റെ സൗജന്യ കിറ്റും റേഷന്‍ സാധനങ്ങളും തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ടി 53ാം നമ്പര്‍ റേഷൻ കടയ്‌ക്കെതിര അന്വേഷണം ആരംഭിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസറാണ് അന്വേഷണമാരംഭിച്ചത്.

2017 ഓഗസ്റ്റില്‍ 89 വയസുള്ള മുതിരപ്പുഴ ഓലിക്കല്‍ രാമന്‍ ഭാസ്‌കരന്‍ മരിച്ചു. ഇദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ഡില്‍ മറ്റ് കുടുംബാംഗങ്ങള്‍ ആരുമില്ല. മരണ വിവരം അന്ന് തന്നെ കട ഉടമയെ ബന്ധുക്കള്‍ അറിയിക്കുകയും കാര്‍ഡ് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 

എന്നാല്‍ കട ഉടമ കാര്‍ഡ് നീക്കം ചെയ്തില്ല. റേഷന്‍ സംവിധാനം ഓണ്‍ലൈന്‍ ആക്കുകയും സൗജന്യ കിറ്റിന് ഒടിപി സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തായത്.

മരിച്ച രാമന്‍ ഭാസ്‌കരന്റെ റേഷന്‍ കാര്‍ഡ് കൊച്ചു മകന്റെ മൊബൈല്‍ ഫോണ്‍ നമ്പറുമായാണ് കണക്റ്റ് ചെയ്തിരുന്നത്. മരിച്ച മുത്തച്ഛന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ രണ്ട് തവണ സൗജന്യ റേഷനും ഏപ്രില്‍ 30ന് സര്‍ക്കാരിന്റെ കിറ്റും വാങ്ങിയതായി കൊച്ചു മകന്റെ ഫോണില്‍ സന്ദേശം വന്നു. ഇതോടെ കുടുംബക്കാര്‍ റേഷന്‍ കട ഉടമയെ വിവരം അറിയിച്ചെങ്കിലും ഇയാള്‍ ഇത് നിഷേധിച്ചു.

ഇതോടെ ബന്ധുക്കള്‍ സിവില്‍ സപ്ലൈ ഉദ്യോഗസ്ഥരേയും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തേയും വിവരം അറിയിച്ചു. പൊലീസ് ഇടുക്കി ടിഎസ്ഒ വഴി നടത്തിയ അന്വേഷണത്തില്‍ നാളുകളായി ഈ കാര്‍ഡ് വഴി റേഷന്‍ സാധനങ്ങള്‍ നല്‍കിയിട്ടുള്ളതായി രേഖകളില്‍ കണ്ടെത്തി. 

ഇതോടെയാണ് പൊതുവിതരണ വിഭാഗവും അന്വേഷണമാരംഭിച്ചത്. താലൂക്കില്‍ ഇത്തരം വേറെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com