കൂടുതല്‍ പേര്‍ അപേക്ഷിക്കുന്ന തസ്തികകളിലേക്ക് ഇനി രണ്ടുഘട്ട പരീക്ഷ; അടിമുടി പരിഷ്‌കാരവുമായി പിഎസ്‌സി

സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസുകളില്‍ ഒഴിവുളള തസ്തികകളിലേക്ക് പരീക്ഷ നടത്തുന്ന പിഎസ്‌സി പരീക്ഷാ നടത്തിപ്പ് രീതി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
കൂടുതല്‍ പേര്‍ അപേക്ഷിക്കുന്ന തസ്തികകളിലേക്ക് ഇനി രണ്ടുഘട്ട പരീക്ഷ; അടിമുടി പരിഷ്‌കാരവുമായി പിഎസ്‌സി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസുകളില്‍ ഒഴിവുളള തസ്തികകളിലേക്ക് പരീക്ഷ നടത്തുന്ന പിഎസ്‌സി പരീക്ഷാ നടത്തിപ്പ് രീതി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു. കൂടുതല്‍ പേര്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ രണ്ട് ഘട്ടമായി നടത്തുക എന്നത് അടക്കമുളള പരിഷ്‌കാരങ്ങള്‍ക്കാണ് പിഎസ്‌സി നടപടി ആരംഭിച്ചത്. ഈ വര്‍ഷം തന്നെ മാറ്റം ആരംഭിക്കാനാണ് പിഎസ്‌സിയുടെ തീരുമാനം. 

കൂടുതല്‍ പേര്‍ അപേക്ഷിക്കുന്ന പരീക്ഷകളില്‍ എലിമിനേഷന്‍ മാതൃകയിലായിരിക്കും പ്രാഥമികപരീക്ഷ.  ഒഎംആര്‍ രീതിയിലായിരിക്കും ആ പരീക്ഷ നടത്തുക. പ്രാഥമിക പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് വാങ്ങി വിജയിക്കുന്നവര്‍ക്ക് മാത്രമാണ് രണ്ടാമത്തെ പരീക്ഷ. സംവരണവിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം മുഖ്യപരീക്ഷയില്‍ ഉറപ്പാക്കും. 

പ്രാഥമിക പരീക്ഷയ്ക്ക് സംവരണവിഭാഗക്കാര്‍ക്ക് കട്ട് ഓഫ് മാര്‍ക്കില്‍ ഇളവ് അനുവദിച്ച് പ്രത്യേകം പട്ടിക തയ്യാറാക്കും. റാങ്ക് നിര്‍ണയത്തിന് പ്രധാനമായും പരിഗണിക്കുന്നത് മുഖ്യപരീക്ഷയുടെ മാര്‍ക്കായിരിക്കും. അഭിമുഖം ഉള്ള തസ്തികകള്‍ക്ക് അതിന്റ മാര്‍ക്ക് കൂടി റാങ്ക് നിര്‍ണയിക്കാന്‍ പരിഗണിക്കും. പ്രാഥമികപരീക്ഷയുടെ മാര്‍ക്ക് റാങ്കിങ്ങിന് ഉപയോഗിക്കില്ല. യോഗ്യതയനുസരിച്ച് തസ്തികകള്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇങ്ങനെ ഏകീകരിച്ച തസ്തികകള്‍ക്കാണ് പൊതുവായി പ്രാഥമിക പരീക്ഷ നടത്തുന്നത്. 

പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കിയായിരിക്കും ആദ്യ പരീക്ഷ. മുഖ്യപരീക്ഷയുടെ പാഠ്യപദ്ധതിയില്‍ തസ്തികയ്ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ചിലതിന് വിവരണാത്മകപരീക്ഷ വേണ്ടിവരും. ഇക്കാര്യങ്ങളില്‍ അതത് സമയത്ത് യോജിച്ച തീരുമാനം പിഎസ്‌സി കൈക്കൊള്ളും. പൊതുവിജ്ഞാനത്തിലെ മാത്രം മികവനുസരിച്ച് സര്‍ക്കാര്‍ ജോലി ലഭിക്കുന്ന സമ്പ്രദായത്തിന് മാറ്റം വരുത്തുന്ന രീതിയാണ് ഇതിലൂടെ പിഎസ്‌സി ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷം ഇതിന് തുടക്കമിടുമെങ്കിലും ഏത് തസ്തിക മുതല്‍ നടപ്പാക്കണമെന്ന് തീരുമാനിച്ചിട്ടില്ല.

അപേക്ഷകള്‍ പെരുകുന്നതും പരീക്ഷകള്‍ നടത്താനാകാതെ വരുന്നതും പിഎസ്‌സിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. നിലവില്‍ എസ്എസ്എല്‍സി യോഗ്യതയുള്ള വിവിധ തസ്തികകള്‍ക്കായി 48 ലക്ഷം അപേക്ഷകളാണ് പിഎസ്‌സിയിലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും പൊതു അപേക്ഷകരാണ്. തസ്തിക പരിഗണിക്കാതെ അപേക്ഷകരെ ഏകീകരിച്ചപ്പോള്‍ എണ്ണം 21 ലക്ഷമായി കുറഞ്ഞു. ഈ 21 ലക്ഷം പേര്‍ക്കായിരിക്കും ഏകീകൃത പ്രാഥമികപരീക്ഷ നടത്തുന്നത്. അതിലൂടെ പരീക്ഷ നടത്തുന്ന ചെലവ് കുറയ്ക്കാനാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com