ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം ഹോംഗാര്‍ഡുകള്‍ക്കും ബാധകം; പൊലീസ് മേധാവിയുടെ നിര്‍ദേശം

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തി നേരത്തെ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം എന്ന സംവിധാനം പൊലീസിനൊപ്പം ജോലി ചെയ്യുന്ന ഹോം ഗാര്‍ഡുമാര്‍ക്കും ബാധകമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കി. 

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തി നേരത്തെ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം വരുത്തിയത്.  

റോള്‍കാള്‍, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകള്‍ എന്നിങ്ങനെ  പോലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കണം.   സേനയിലെ എല്ലാ യൂണിറ്റുകളിലും ദിനംപ്രതി ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേര്‍ക്ക് റെസ്റ്റ് നല്‍കുന്ന വിധത്തില്‍ ജോലി പുന:ക്രമീകരിക്കുന്നതിന് യൂണിറ്റ് മേധാവിമാര്‍ ശ്രമിക്കണം. ബാക്കി പകുതിപ്പേര്‍ക്ക് ഡ്യൂട്ടി റെസ്റ്റ് അനുവദിക്കണം. അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യപ്പെട്ടാലുടന്‍ ജോലിക്കെത്തണം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്ക് ശേഷം ഏഴ് ദിവസത്തെ റെസ്റ്റ് അനുവദിക്കണം.

ഡ്യൂട്ടി നിശ്ചയിച്ച ശേഷം എല്ലാദിവസവും വൈകുന്നേരം അക്കാര്യം പൊലീസ് ഉദ്യോഗസ്ഥരെ ഫോണ്‍ മുഖേന അറിയിക്കണം. ഡ്യൂട്ടിക്കായി സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സ്ഥലങ്ങളില്‍ നേരിട്ട് ഹാജരായശേഷം ഫോണ്‍ വഴി സ്‌റ്റേഷനില്‍ അറിയിച്ചാല്‍ മതിയാകും. ഡ്യൂട്ടി കഴിയുമ്പോള്‍ വീഡിയോ കോള്‍, ഫോണ്‍, വയര്‍ലെസ് മുഖേന മേലുദ്യോഗസ്ഥനെ അക്കാര്യം അറിയിച്ചശേഷം മടങ്ങാം. മേലുദ്യോഗസ്ഥര്‍ ദിനംപ്രതി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എസ്.എം.എസ്, വാട്‌സ് ആപ്പ്, ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. പൊലീസ് സ്‌റ്റേഷനുകളില്‍ ഒരുമിച്ച് വിശ്രമിക്കുന്നതും കൂട്ടംചേര്‍ന്ന് ഇരിക്കുന്നതും ഒഴിവാക്കണം. 

ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ നേരെ വീടുകളിലേയ്ക്ക് പോകേണ്ടതും സുഹൃത്തുക്കളേയോ ബന്ധുക്കളേയോ സന്ദര്‍ശിക്കാന്‍ പാടില്ലാത്തതുമാണ്.  ജോലി ചെയ്യുന്ന സ്ഥലവും സാഹചര്യവുമനുസരിച്ചുളള സുരക്ഷാ ഉപകരണങ്ങള്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കണം.   ഭക്ഷണവും വെളളവും കൈയ്യില്‍ കരുതുകയും ഇത്തരം ആവശ്യങ്ങള്‍ക്ക് പരമാവധി പൊതു ഇടങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും വേണം. ആരോഗ്യപരമായ ഭക്ഷണക്രമം പാലിച്ച് മതിയായ വ്യായാമമുറകള്‍, യോഗ എന്നിവ ശീലമാക്കണം.  

തിരക്കേറിയ ജംഗ്ഷനുകളില്‍ മാത്രമേ ട്രാഫിക് ചുമതല നല്‍കാവൂ. റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം, ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളില്‍ പരമാവധി കുറച്ച് ആള്‍ക്കാരെ നിയോഗിക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണം.  

ഇനിയൊരു അറിയിപ്പുണ്ടാകുംവരെ വെളളിയാഴ്ച പരേഡ് ഒഴിവാക്കിയിട്ടുണ്ട്. പതിവ് വാഹനപരിശോധന, നിസാര കാര്യങ്ങള്‍ സംബന്ധിച്ച അറസ്റ്റ് എന്നിവ ഒഴിവാക്കും. പൊലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഒഴിവാക്കും. സി.സി.ടി.വി, ഹെല്‍പ് ലൈന്‍, ക്യാമറ, സാങ്കേതികവിദ്യ എന്നിവ പരമാവധി ഉപയോഗിക്കും. പൊതുജനങ്ങള്‍ പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. പരാതികള്‍ ഇമെയില്‍, വാട്‌സ് ആപ്പ് എന്നിവ മുഖേനയോ കണ്‍ട്രോള്‍ നമ്പര്‍ 112 മുഖേനയോ നല്‍കണമെന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com