പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍ ; പോരാട്ടങ്ങളുടെ ഏഴരപതിറ്റാണ്ട്

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി
പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍ ; പോരാട്ടങ്ങളുടെ ഏഴരപതിറ്റാണ്ട്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍. കോവിഡിനെതിരായ പോരാട്ടങ്ങള്‍ക്കിടെയാണ് ഇത്തവണ പിറന്നാള്‍ കടന്നുവരുന്നത്. പൊതുവെ വ്യക്തിപരമായ ആഘോഷങ്ങളോട് വിമുഖത പുലര്‍ത്തുന്ന പിണറായി വിജയന്‍ ഇത്തവണയും പിറന്നാള്‍ ആഘോഷത്തിനില്ല.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ജന്മദിനത്തിന് പ്രത്യേകതയൊന്നുമില്ല. ആ ദിവസം  കടന്നുപോകുന്നൂ എന്നുമാത്രം.  നാടാകെ വിഷമസ്ഥിതി നേരിട്ടു കൊണ്ടിരിക്കുകയാണ്. ആ പ്രശ്‌നമാണ് പ്രധാനം. ഇത്തരം ഒരു ഘട്ടത്തില്‍ ജന്മദിനത്തിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പിണറായി വിജയന്‍ പ്രതികരിച്ചു.

1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. നാലുവര്‍ഷം മുന്‍പ് മേയ് 25ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് തൊട്ടുതലേന്നാണ് തന്റെ യഥാര്‍ഥ ജനനത്തീയതി ഒരു സസ്‌പെന്‍സ് പോലെ മുഖ്യമന്ത്രി പുറത്തു പറഞ്ഞത്. അതുവരെ 1944  മാര്‍ച്ച് 24 ആണ് ജനനതീയതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിക്കു തൊട്ടുപിന്നാലെയായിരുന്നു കഴിഞ്ഞ ജന്മദിനമെങ്കില്‍ ഒരു വര്‍ഷത്തിനിടെ കോവിഡ് എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിനിടെയാണ് പിറന്നാളെത്തുന്നത്.

ജീവിതം തന്നെ പോരാട്ടമായിരുന്നു പിണറായിക്ക്. തെല്ലുപോലും വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റില്‍ നിന്ന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറാന്‍ കഴിഞ്ഞതാണ് മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ഏറ്റവും വലിയ വിജയം. ആര്‍ത്തലച്ച് വന്ന മഹാപ്രളയങ്ങള്‍ക്ക് മുന്നിലും, പടര്‍ന്ന് കയറാന്‍ വന്ന മരണവൈറസിന് മുന്നിലും പിണറായി അടിയുറച്ച് നിന്നു.

15 വര്‍ഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോര്‍ഡിട്ട നേതാവ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ്. കോവിഡ് വിരുദ്ധ പോരാട്ടത്തിലൂടെ ലോകത്തിനു മുന്നില്‍ ഇടതുപക്ഷം ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്ന ബ്രാന്‍ഡുമാണ് ഈ പേര്. പിണറായിയുടെ വാക്കുകള്‍ ദേശീയ രാഷ്ട്രീയം പോലും ഇന്ന് ഉറ്റുനോക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com