മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല: ഹൈക്കോടതി

മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല: ഹൈക്കോടതി
മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല: ഹൈക്കോടതി

കൊച്ചി: മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടു ജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി. മുതിര്‍ന്നവര്‍ ഇളയവരെ ശകാരിക്കുന്നത് സാധാരണമാണെന്നും ജസ്റ്റിസുമാരായ എംഎം ഷഫീഖും മേരി ജോസഫും അടങ്ങി ബെഞ്ച് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സ്വദേശിയുടെ വിവാഹ മോചന ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

അമ്മയോടു പിണങ്ങി വീട്ടില്‍നിന്നു മാറിതാമസിക്കുന്ന ഭാര്യയില്‍നിന്നു വിവാഹ മോചനം തേടി കണ്ണൂരിലെ പിസി രഞ്ജിത് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വിവാഹ മോചന ഹര്‍ജി തള്ളിയ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് രഞ്ജിത് ഹൈക്കോടതിയെ സമീപിച്ചത്. 

2003 ഏപ്രില്‍ 17നായിരുന്നു ഹര്‍ജിക്കാരന്റെ വിവാഹം. ഭാര്യയും അമ്മയും തമ്മില്‍ വഴക്ക് നിത്യ സംഭവമായിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. 2011ല്‍ അമ്മയോടു പിണങ്ങി ഭാര്യ വീടുവിട്ടു. തുടര്‍ന്നാണ് രഞ്ജിത് വിവാഹ മോചനത്തിനു ഹര്‍ജി നല്‍കിയത്. 

ഭര്‍ത്താവിന്റെ അമ്മയുടെ പെരുമാറ്റം സഹിക്കാന്‍ വയ്യാതെയാണ്, ഭര്‍തൃവീട്ടില്‍നിന്ന് ഇറങ്ങിപ്പോന്നതെന്നാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. ഹര്‍ജിക്കാരന്റെ ഭാര്യയും അമ്മയും തമ്മില്‍ നിരന്തരം വഴക്കടിച്ചിരുന്നുവെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അതിന്റെ ബലിയാടായത് ഹര്‍ജിക്കാരനാണ്. ഇത്തരമൊരു സഹചര്യത്തില്‍ മാറിത്താമസിക്കാമെന്ന ഭാര്യയുടെ ആവശ്യം സ്വാഭാവികമാണ്. എന്നാല്‍ ഹര്‍ജിക്കാരനെ സംബന്ധിച്ചിടത്തോളം അതും വിഷമകരമായി മാറുകയാണുണ്ടായതെന്ന് കോടതി പറഞ്ഞു.

''മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിക്കുന്നത് അസാധാരണമായ കാര്യമല്ല. സംഘര്‍ഷങ്ങളില്ലാത്ത വീടുകളില്ല. അമ്മായിയമ്മയുള്ള വീട്ടില്‍ താമസിക്കാനാവില്ലെന്ന മരുമകളുടെ നിലപാട് നീതീകരിക്കാനാവില്ലെന്ന്, വിവാഹ മോചന ഹര്‍ജി അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com