വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കാം: മുഖ്യമന്ത്രി 

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ അത് പറഞ്ഞതാണ്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പ്രവാസികളെല്ലാം ഒന്നിച്ചെത്തുകയാണെങ്കില്‍ അത് വലിയ പ്രശ്‌നമുണ്ടാക്കും. കാരണം ലക്ഷക്കണക്കിനാളുകളാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ളത്. അവരില്‍ വിസാ കാലാവധി കഴിഞ്ഞവര്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിപ്പോയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.വിദേശത്തുനിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരില്‍ 11,189 പേര്‍ മെയ് 25 വരെ സംസ്ഥാനത്തെത്തിയിട്ടുണ്ട്.

പ്രവാസികളെത്തുമ്പോള്‍ സംസ്ഥാനത്ത് ചില ക്രമീകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. രോഗവ്യാപനം വലിയതോതിലുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നതിനു മുമ്പ് 16 പേര്‍ ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 415 പേരാണ് ചികിത്സയിലുള്ളത്. സ്വാഭാവികമായും രോഗികളുടെ എണ്ണം വര്‍ധിക്കും. മഹാരാഷ്ട്രയില്‍ നിന്നെത്തിയവരില്‍ 72 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നും വന്നവരില്‍ 71 പേര്‍ക്കും കര്‍ണാടകത്തില്‍ നിന്ന് വന്നവരില്‍ 35 പേര്‍ക്കും ആണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയവരില്‍ 133 പേര്‍ക്ക് രോഗബാധയുണ്ടായി. ഇവരില്‍ 75 പേര്‍ യുഎഇയില്‍ നിന്നും 25 പേര്‍ കുവൈറ്റില്‍ നിന്നുമാണ്.

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആരേയും പുറന്തള്ളുന്ന നയമില്ല. അവര്‍ എത്തുമ്പോള്‍ ശരിയായ പരിശോധനയും ക്വാറന്റൈനും ആവശ്യമാണ്. അതിനുവേണ്ടിയാണ് സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത്.

ഈ രജിസ്‌ട്രേഷന്‍ വരുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യസംരക്ഷണത്തിന് ആവശ്യമാണ്. ആരോടും ഒരു വിവേചനവുമില്ല. മറ്റു വഴിയില്ലാത്തതുകൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹവ്യാപനത്തിലേക്കാണ് അത് ചെന്നെത്തുക. മറ്റു സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ത്തന്നെ രോഗം വലിയ തോതില്‍ വ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com