കെ ഫോണ്‍, സ്മാര്‍ട്ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി; അന്വേഷണം വന്‍കിട സര്‍ക്കാര്‍ പദ്ധതികളിലേക്കും; ഇഡി വിശദാംശങ്ങള്‍ തേടി

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ വന്‍കിട സര്‍ക്കാര്‍ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്തതോടെ,  സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ വന്‍കിട സര്‍ക്കാര്‍ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എം ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വന്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഇഡി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കെ ഫോണ്‍, സ്മാര്‍ട്ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി എന്നി പദ്ധതികളുടെ വിശദാംശങ്ങളാണ് തേടിയത്. 

പദ്ധതികളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് കത്തയച്ചു. പദ്ധതികളുടെ ധാരണാപത്രം, ഭൂമി ഏറ്റെടുത്തതിന്റെ വിശദാംശങ്ങള്‍ എന്നിവയാണ് തേടിയത്. പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍. ശിവശങ്കറിന് പുറമേ മറ്റ് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ടെന്നാണ് വിവരം.

ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നേരത്തെ ഇഡി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു പദ്ധതികളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലുള്ള ശിവശങ്കറിനെ കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇഡി ചോദ്യം ചെയ്തുവരികയാണ്. ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച അന്വേഷണവും ഇഡി വിപുലമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com