'തിരിച്ച് വെടിവെച്ചത് ആത്മരക്ഷാര്‍ത്ഥം'; കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു

'തിരിച്ച് വെടിവെച്ചത് ആത്മരക്ഷാര്‍ത്ഥം'; കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു

    
മാനന്തവാടി: വയനാട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശി വേല്‍മുരുകനാണ് മരിച്ചത്. 33 വയസ്സുള്ള ഇയാളെ തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് തിരിച്ചറിഞ്ഞത്. തേനി ജില്ലയിലെ പെരികുളം അണ്ണാനഗര്‍ കോളനി സ്വദേശിയാണ്. 

സര്‍ക്കാരിനെതിരെ ഗോത്ര വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ പോരാടുന്നതിനു പ്രേരിപ്പിക്കുന്നതും ആയുധപരിശീലനവും സംഘത്തിലേക്ക് കൂടുതല്‍ അണികളെ ചേര്‍ക്കുന്നതുമായിരുന്നു ഇയാളുടെ പ്രധാന ചുമതലകള്‍ എന്ന് കേരള പൊലീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. വയനാട്, കോഴിക്കോട് ജില്ലകളായിരുന്നു ഒളിത്താവളം. കരിക്കോട്ടക്കരി, കേളകം, താമരശ്ശേരി, തലപ്പുഴ, അഗളി, എടക്കര, പൂക്കോട്ടുംപാടം, വൈത്തിരി എന്നീ പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. 

ആത്മരക്ഷാര്‍ത്ഥം നടത്തിയ പ്രത്യാക്രമണതത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. 'മാനന്തവാടി എസ് ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിവരവേ ഇന്ന്  രാവിലെ 9.15നാണ് മീന്‍മുട്ടി ഭാഗത്ത് വനത്തിനുള്ളില്‍ ഒരുസംഘം ആള്‍ക്കാര്‍ പൊലീസിനുനേരെ വെടിവച്ചത്. ആയുധധാരികളായ അഞ്ചിലധികം പേരുള്ളതായിരുന്നു സംഘം. പൊലീസ് ആത്മരക്ഷാര്‍ത്ഥം തിരികെ വെടിവച്ചു. ഏറ്റുമുട്ടല്‍ അല്‍പസമയം നീണ്ടു. തുടര്‍ന്ന് സംഘത്തിലെ ആളുകള്‍ ഓടിപ്പോയി. അതിനുശേഷം പൊലീസ് സംഘം സ്ഥലത്തെത്തി നോക്കിയപ്പോള്‍ യൂണിഫോം ധാരിയായ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നതു കാണുകയുണ്ടായി. അയാളുടെ കൈവശം ഒരു 0.303 റൈഫിള്‍  കാണപ്പെട്ടു. അക്രമികള്‍ സമീപത്തില്ല എന്നുറപ്പാക്കിയശേഷം മൊബൈല്‍ റെയ്ഞ്ച് കിട്ടുന്ന ഭാഗത്തേയ്ക്ക് മാറി പൊലീസുകാര്‍ വിവരം പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു'.-പത്രക്കുറിപ്പില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com