ബിനീഷിന്റെ വീടിന് മുന്നില്‍ നാടകീയരംഗങ്ങള്‍ ; ഭാര്യയെയും കുഞ്ഞിനെയും തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് ബന്ധുക്കള്‍, പ്രതിഷേധം
By സമകാലിക മലയാളം ഡെസ്ക് | Published: 05th November 2020 09:33 AM |
Last Updated: 05th November 2020 09:40 AM | A+A A- |

വീട്ടിനകത്തുള്ള ബിനീഷിന്റെ കുടുംബാംഗങ്ങൾക്കുള്ള ഭക്ഷണം കൈമാറുന്നു
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്നതിനിടെ, ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നാടകീയരംഗങ്ങള്‍. ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ വീട്ടില്‍ തന്നെ തുടരുകയാണ്. എന്നാല്‍ റെയ്ഡില്‍ കണ്ടെടുത്ത രേഖകല്‍ സംബന്ധിച്ച മഹസറില്‍ ബിനീഷിന്റെ ഭാര്യ ഒപ്പിടാത്തതാണ് നാടകീയ സംഭവങ്ങള്‍ക്ക് കാരണമായത്.
ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഉദ്യോഗസ്ഥര്‍ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ വീട്ടിലെത്തി പ്രതിഷേധിക്കുകയാണ്. ബിനീഷിന്റെ അമ്മയുടെ സഹോദരിയും മറ്റുമാണ് വീട്ടിലെത്തിയത്. വീടിനുള്ളിലുള്ളവരെ ഇ ഡി ഭീഷണിപ്പെടുത്തിയിട്ടുണ്ടാകുമെന്നും, കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്നും ബന്ധുക്കള്‍ അറിയിച്ചു.
ബിനീഷിന്റെ വീട്ടില്‍ ഇന്നലെ രാവിലെയാണ് ഇഡി പരിശോധന ആരംഭിച്ചത്. റെയ്ഡില്‍ ബംഗലൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് അടക്കം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ കാര്‍ഡ് ഇ ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവെച്ചതാണെന്നാണ് ബിനീഷിന്റെ ഭാര്യ ആരോപിക്കുന്നത്. അതിനാല്‍ മഹസര്‍ റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചിരുന്നു. എന്നാല്‍ മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുന്നത്. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.
അതേസമയം, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താന്‍ കേരളത്തിലെ ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്കി. ബിനീഷിന്റെ ബിനാമികള്‍ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.